വിഴിഞ്ഞത്ത്‌ ലാൻഡ്‌ പൂളിങ്ങിന്‌ മാസ്റ്റർ പ്ലാൻ



തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അടിസ്ഥാനമാക്കി വ്യവസായ പാർക്കിനും ലാൻഡ്‌ പൂളിങ്ങിനുമുള്ള നടപടിയിലാണ്‌ വ്യവസായവകുപ്പെന്ന്‌ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. കാപ്പിറ്റൽ ഡെവലപ്‌മെന്റ്‌ അതോറിറ്റി, കൊച്ചിയിൽ ജിസിഡിഎ എന്നിവയുടെ നേതൃത്വത്തിൽ പൂളിങ്‌ ശ്രമങ്ങൾ നടക്കുന്നു. വിഴിഞ്ഞം തുറമുഖം വന്നതോടെ വിദേശ സംരംഭകരിൽനിന്ന്‌ ഉൾപ്പെടെ  നല്ല പ്രതികരണമുണ്ട്‌.   വിഴിഞ്ഞത്ത്‌ വ്യവസായ പാർക്കിനായുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയിലാണ്‌. ലാൻഡ്‌ പൂളിങ്ങിന്‌ മാസ്റ്റർപ്ലാൻ തയ്യാറാക്കി. റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്‌ട്രിയൽ, മെഡിക്കൽ ഡിവൈസസ്‌, ഇലക്‌ട്രോണിക്‌ മാനുഫാക്‌ചറിങ്‌ തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയാണിത്‌.  ലാൻഡ്‌ പൂളിങ്ങിന്‌ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌ ഭൂവുടമകളിൽനിന്ന്‌ അഭിപ്രായം തേടും. 75 ശതമാനം പേർ സമ്മതിക്കുകയാണെങ്കിൽ പൂൾ ചെയ്യും. തദ്ദേശഭരണ സ്ഥാപനങ്ങളോ നഗരവികസന ഏജൻസികളോ ആണ്‌ ഏറ്റെടുക്കുക. പകുതി സ്ഥലം വ്യവസായങ്ങൾക്കായി നീക്കിവയ്ക്കും. അങ്ങനെ മാറ്റിവയ്ക്കുമ്പോൾ കിട്ടുന്ന പണംകൂടി ഉപയോഗിച്ച്‌ മൊത്തം വികസിപ്പിക്കും. ഉദാഹരണത്തിന്‌, ഒരേക്കർ ഭൂമി തരുന്നയാളാണെങ്കിൽ അതിൽനിന്ന്‌ കുറച്ചു ഭൂമിയിൽ വികസനം സാധ്യമാക്കി ബാക്കി തിരിച്ചുകൊടുക്കും. സ്വാഭാവികമായും നേരത്തെ ഒരേക്കറിന്‌ കിട്ടിയിരുന്നതിന്റെ ഇരട്ടിയോ അതിലേറെയോ തുക  തിരിച്ചുകൊടുക്കുന്നതിന്‌ കിട്ടും. വിജ്ഞാപനംചെയ്‌ത ഭൂമിയുടെ അടുത്തുള്ള സ്ഥലവും ഏറ്റെടുക്കണമെന്ന ആവശ്യം വന്നാൽ അതും പരിഗണിക്കും. ടൗൺ പ്ലാനറിൽ കുറയാത്തയാളെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തും. കിൻഫ്രയിൽ ഒറ്റത്തവണ 
തീർപ്പാക്കൽ കിൻഫ്രയിൽ കുടിശ്ശികയുള്ളവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ ഏർപ്പെടുത്തുന്നുണ്ട്‌. 33 വ്യവസായ പാർക്കിലായി 1132 സംരംഭകരുണ്ട്‌. അവർക്ക്‌ ഈ വർഷം മാർച്ച്‌ 31 വരെയുള്ള പലിശ പൂർണമായും ഒഴിവാക്കി കുടിശ്ശിക തീർപ്പാക്കാം. കുടിശ്ശിക 12 തവണയായി അടക്കാനും സൗകര്യം ഏർപ്പെടുത്തും. വിശദവിവരം കിൻഫ്രയുടെ വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News