സങ്കുചിത 
ദേശീയവാദത്തിനെതിരെ പൊരുതുക : 
സച്ചിദാനന്ദൻ



കണ്ണൂർ സങ്കുചിത ദേശീയവാദത്തിനെതിരായ ചെറുത്തുനിൽപ്പിനാണ് പുരോഗമന കലാ സാഹിത്യ സംഘം  ഊന്നൽ നൽകേണ്ടതെന്ന് സഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ. മുസ്ലിങ്ങളുടെയും ദളിതരുടെയും പുറത്തടിച്ച് ഗോമാതാവെന്ന് വിളിപ്പിക്കുന്ന ദേശീയതയെ അംഗീകരിക്കാനാകില്ല. ദേശസ്നേഹം ചിലരുടെ കുത്തകയാക്കുകയാണ്‌. അത് യുദ്ധമായി മാറുന്ന വിപൽക്കരമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്. കണ്ണൂർ ഇ കെ നായനാർ അക്കാദമിയിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദൻ. ഇന്ത്യയിലെ സങ്കുചിത ദേശീയവാദത്തിന്റെ വക്താക്കളാണ്‌ ഹിന്ദുത്വവാദികൾ. അറബികളും യൂറോപ്യന്മാരും ഇവിടുത്തെ ജനങ്ങളെ വിശേഷിപ്പിച്ച വാക്കാണ് ഹിന്ദു. അത് ഏകാത്മക മതമല്ല. ഹിന്ദിയാണ്‌ നമ്മുടെ ഭാഷയെന്നതും തെറ്റാണ്. അനേകം ഭാഷകൾ ഒന്നിച്ചുചേർന്നതിനെയാണ് ഹിന്ദിയെന്ന് വിശേഷിപ്പിക്കുന്നത്. മതം കേവലം അധികാരോപാധിയായി മാറുമ്പോഴാണ് വർഗീയമാകുന്നത്. ഹിന്ദുത്വം ഒറ്റയ്ക്കല്ല ഭരിക്കുന്നത്. കോർപറേറ്റ്‌ മാധ്യമ പിന്തുണയുമുണ്ട്. പുതിയ മുതലാളിത്തത്തിന്റെയും  ഹിന്ദുത്വത്തിന്റെയും  കൂട്ടുകെട്ടാണ് അധികാരത്തിലുള്ളത്. അതിന് തിരിച്ചടിയേറ്റെങ്കിലും അവരുടെ തിരിച്ചുവരവ് തടയണം. ഇന്ത്യയെ വർഗീയതയിൽനിന്ന്‌  വിമോചിപ്പിക്കാനുള്ള  പോരാട്ടം പുരോഗമനപക്ഷം ഏറ്റെടുക്കണം. സാഹിത്യത്തിലും കലയിലും പ്രതിപക്ഷത്തെ സൃഷ്ടിക്കണം.   പലതരത്തിലുള്ള അസമത്വങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ട്. പുരുഷമേധാവിത്തം മറനീക്കി പുറത്തുവരികയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന കാലമാണിതെന്നും സച്ചിദാനന്ദൻ പറഞ്ഞു. Read on deshabhimani.com

Related News