പാണിയേലി പോര് ഹരിത ടൂറിസം കേന്ദ്രമാക്കും
പെരുമ്പാവൂർ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ മാതൃകാ ഹരിത ടൂറിസം കേന്ദ്രമാകുകയാണ് വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി പോര്. ഹരിത പെരുമാറ്റച്ചട്ടം വിനോദസഞ്ചാരമേഖലയിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ടൂറിസം. ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യസംസ്കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ കർശനമായ നിരോധനം, ബദൽസംവിധാനം ഏർപ്പെടുത്തൽ, ടോയ്‌ലറ്റ് സംവിധാനവും ദ്രവമാലിന്യസംസ്കരണവും കുറ്റമറ്റതാക്കൽ, എംസിഎഫ്, മിനി എംസിഎഫുകൾ, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ, സുരക്ഷാകാമറ സ്ഥാപിക്കൽ തുടങ്ങിയ സംവിധാനങ്ങൾ ഉറപ്പുവരുത്തും. പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. വേങ്ങൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, വനംവകുപ്പ്, വനസംരക്ഷണസമിതി, വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡ്രൈവ് പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി വിഷയാവതരണം നടത്തി. സെക്രട്ടറി അഫ്സൽ രാജ്, വൈസ് പ്രസിഡന്റ് പി സി കൃഷ്ണൻകുട്ടി, ബ്ലോക്ക് അംഗം പി ആർ നാരായണൻനായർ, ബിജു പീറ്റർ, ബേസിൽ കല്ലറക്കൽ, ജിനു ബിജു എന്നിവർ സംസാരിച്ചു. Read on deshabhimani.com