ഉത്തരവാദിത്വമില്ലാതെ ചാന്‍സലര്‍; വിസി ഇല്ലാതെ 2 സര്‍വകലാശാല
തിരുവനന്തപുരം ചാൻസലറുടെ നിരുത്തരവാദപരമായ നടപടിയിൽ വിസിയില്ലാതെ രണ്ട് സർവകലാശാല. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറുടെ കാലവധി ഞായറാഴ്ച അവസാനിച്ചതോടെ ഡോ. സജി ഗോപിനാഥ് താൽക്കാലിക ചുമതല വഹിച്ചിരുന്ന എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയും വിസി ഇല്ലാത്ത സ്ഥിതിയിലെത്തി. ഡോ. സജി ഗോപിനാഥിന്റെ കാലാവധി അവസാനിക്കുകയാണെന്ന അറിയിപ്പും വിസിയായി പരിഗണിക്കാവുന്നവരുടെ പട്ടികയും സർക്കാർ ചാൻസലർക്ക് നൽകിയിരുന്നു. നിർദിഷ്ട യോഗ്യതകളുള്ള അഞ്ചുപേരെയാണ് രണ്ട് സർവകലാശാലയിലേക്കായി സർക്കാർ നിർദേശിച്ചത്. എന്നാൽ, നിയമന വിഷയത്തിൽ തീരുമാനം എടുക്കാതെ ചാൻസലർ ഡൽഹിക്ക് യാത്രതിരിച്ചു. തിങ്കളാഴ്ച തിരികെ കോഴിക്കോട് എത്തുമെന്നാണ് സൂചന. തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഡോ. മോഹനൻ കുന്നുമ്മലിന് വ്യാഴാഴ്ച തന്നെ ആരോഗ്യ സർവകലാശാലയിൽ ഗവർണർ പുനർനിയമനം നൽകിയിരുന്നു. കേരള സർവകലാശാലയുടെ താൽക്കാലിക വിസി ചുമതലയും നൽകി. കേരള സർവകലാശാലയിൽ സ്ഥിരം വിസിയെയോ പൂർണസമയം സർവകലാശാലയിൽ ചെലവഴിക്കുന്ന ഒരാളെയോ കണ്ടെത്തണമെന്ന ആവശ്യവും മുഖവിലയ്ക്കെടുത്തില്ല. മാസത്തിൽ മൂന്നുതവണ മാത്രം സർവകലാശാല സന്ദർശിക്കുന്നയാൾക്ക് തുടർചുമതല നൽകിയതിൽ സർവകലാശാലാ സമൂഹം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. Read on deshabhimani.com