ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് : 26 കേസിൽ എഫ്‌ഐആർ 
രജിസ്‌റ്റർ ചെയ്‌തെന്ന്‌ സർക്കാർ



കൊച്ചി ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷകസംഘം 40 കേസ്‌ അന്വേഷിക്കുന്നുണ്ടെന്നും ഇതിൽ 26 എണ്ണത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തെന്നും സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ. സിനിമ–-ടെലിവിഷൻ മേഖലകളിലെ കരാർലംഘനം, ലൈംഗികപീഡനം, തൊഴിൽവിവേചനം, സുരക്ഷിതത്വമില്ലായ്മ തുടങ്ങിയവ പരിഹരിക്കാൻ പ്രത്യേക നിയമനിർമാണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. ജസ്‌റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ചിൽ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പാണ് അന്വേഷണപുരോഗതി റിപ്പോർട്ട് നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത എട്ടുകേസിൽ കുറ്റാരോപിതരുടെ പേരുകൾ രേഖപ്പെടുത്തി. 18 കേസിൽ അന്വേഷണം പുരോഗമിക്കുന്നു. അതിനാൽ പ്രതികളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ക്രൈംബ്രാഞ്ച് നിർദേശത്തെ തുടർന്ന് എടുത്ത 10 കേസിൽ പ്രാഥമിക അന്വേഷണം ഉടൻ പൂർത്തിയാക്കും. നേരത്തേ എഫ്ഐആർ രജിസ്റ്റർചെയ്ത നാലു കേസിന്‌ പുറമെയാണിത്‌. സമഗ്ര ചലച്ചിത്രനയം രൂപീകരിക്കുന്നതിന്‌ പൊതുജനങ്ങളിൽനിന്നടക്കം വിവരങ്ങൾ തേടാൻ ഫിലിം കോൺക്ലേവ് നടത്തും. ഹേമ കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന്‌ ആരോപിച്ച് കണ്ണൂരിലെ അഭിഭാഷകൻ ആർ പി രമേശൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കോടതി പരിഗണിച്ചു. കമ്മിറ്റി രൂപീകരിച്ച് ആറുവ‌ർഷംകഴിഞ്ഞ് ഹർജി നൽകുന്നതിൽ എന്ത് താൽപ്പര്യമാണുള്ളതെന്ന് കോടതി ആരാഞ്ഞു. വിഷയത്തിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. ഹർജികൾ നവംബർ ഏഴിന് പരിഗണിക്കും. Read on deshabhimani.com

Related News