പെൻഷൻപ്രായം ഉയർത്തില്ല ; ഭരണപരിഷ്‌കാര കമീഷൻ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ചു
കേരള സിവില്‍ സര്‍വീസ് കോഡ് രൂപീകരിക്കും സ്ഥലംമാറ്റത്തർക്കം പരിഹരിക്കാൻ സംഘടനാ പ്രതിനിധികളടങ്ങുന്ന സമിതി എല്ലാവര്‍ഷവും ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണം അച്ചടക്ക നടപടികൾ വിരമിക്കുന്നതിന്റെ ഒരുമാസംമുമ്പ് പൂർത്തിയാക്കണം ജീവനക്കാർക്ക് വാർഷിക ആരോഗ്യ പരിശോധന തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. നാലാം ഭരണപരിഷ്‌കാരകമീഷന്റെ ശുപാർശ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ഇതൊഴിച്ചുള്ള ശുപാർശകൾ സർക്കാർ ഭേദഗതിയോടെ അംഗീകരിച്ചു. ബുധൻ ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് സുപ്രധാന തീരുമാനം. കെഎസ്‌ആർ, കെഎസ് ആൻഡ് എസ്‌എസ്‌ആർ, കോണ്ടക്ട് റൂൾ എന്നിവ സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കും. ഇതിന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സർവീസിലും സ്‌റ്റേറ്റ് സർവീസിലും പ്രൊബേഷൻ ഒരുതവണ മാത്രമാകും. വകുപ്പുകൾ രണ്ടുവർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കും. പ്രത്യേക ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെടുന്ന തസ്‌തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിക്കും. സ്ഥലംമാറ്റത്തർക്കം പരിഹരിക്കാൻ സർവീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. സ്ഥാനക്കയറ്റത്തിന് പ്രത്യേക പരിജ്ഞാനം ആവശ്യമാണെങ്കിൽ അർഹതാപരീക്ഷ നടത്തും. നിയമനാധികാരികൾ എല്ലാവർഷവും ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം. ഈ ഒഴിവുകൾ റദ്ദാക്കരുത്. നിലവിലുള്ള റാങ്കുലിസ്‌റ്റിൽ എംപ്ലോയ്‌മെന്റ് നിയമനം പാടില്ല. ഒഴിവുകൾ സ്‌പാർക്ക് മുഖേന ലഭ്യമാക്കണം. പെൻഷൻ പറ്റുന്നവരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കും. സെക്രട്ടറിയറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏർപ്പെടുത്തും. ബൈ ട്രാൻസ്‌ഫർ മുഖേനയുള്ള നിയമനങ്ങളും പിഎസ്‌സി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്‌തുത റാങ്കുലിസ്‌റ്റിന്റെ കാലാവധി, തസ്‌തികയിലേക്കുള്ള മുഖ്യപട്ടികയുടെ കാലാവധി കഴിയുമ്പോൾ അവസാനിക്കണം. ഭിന്നശേഷിക്കാർക്ക് സംവരണംചെയ്‌ത തസ്‌തികകളിൽ നിയമനം വേഗത്തിലാക്കാൻ അംഗപരിമിതർക്ക് അനുസൃതമായി അനുയോജ്യമായ തസ്‌തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തതയുണ്ടാക്കണം. ജീവനക്കാർക്ക് വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്തും. വിരമിക്കുന്നതിന് ഒരുമാസം മുമ്പ് ജീവനക്കാനെതിരായ അച്ചടക്ക നടപടികൾ പൂർത്തീകരിക്കണം. Read on deshabhimani.com