പിഴവറ്റ മുന്നൊരുക്കങ്ങൾ ; സുഗമം സുന്ദരം ഈ തീർഥാടനകാലം
ശബരിമല തീർഥാടകരുടെ തിരക്ക് വർധിച്ചിട്ടും സുഗമമായ തീർഥാടനകാലമാണ് ഇക്കുറി ശബരിമലയിലേത്. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തിയ പിഴവറ്റ മുന്നൊരുക്കങ്ങളുടെ ഫലമായാണ് തീർഥാടകർക്ക് സുഖദർശനം സാധ്യമായത്. ചൊവ്വാഴ്‌ച മാത്രം 7,7112 പേർ ദർശനം നടത്തി. 2549 പേർ കാനനപാത വഴിയും എത്തി. 12,471 ആളുകൾ തത്സമയ ബുക്കിങിലൂടെയാണ് മലചവിട്ടിയത്. എല്ലാവർക്കും ദർശനം സാധ്യമാക്കും എന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് തത്സമയ ബുക്കിങിലെ വർധന. പന്ത്രണ്ട് വിളക്ക് ദിനമായ ബുധനാഴ്‌ച ആദ്യ മണിക്കൂറുകളിൽ മുപ്പതിനായിരത്തോളം തീർഥാടകരാണ് എത്തിയത്. ബുധൻ വൈകിട്ട് വരെ 64,612 തീർഥാടകരും. ഇതിൽ 10,290 പേർ തത്സമയ ബുക്കിങ് നടത്തിയവരാണ്. പൊലീസ് ഫോട്ടോഷൂട്ട് ; എഡിജിപിക്ക് റിപ്പോർട്ട് നൽകി ശബരിമലയിലെ ആദ്യ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ പതിനെട്ടാംപടിയിൽ നിരന്നുനിന്ന് ഫോട്ടോ എടുത്ത സംഭവത്തിൽ എഡിജിപിക്ക് റിപ്പോർട്ട് നൽകി. സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ കെ ഇ ബൈജുവാണ് ശബരിമല ചീഫ് പൊലീസ് കോ ഓർഡിനേറ്റർ കൂടിയായ എഡിജിപി എസ് ശ്രീജിത്തിന് റിപ്പോർട്ട് നൽകിയത്. 24ന് പകൽ നടയടച്ച ശേഷം പടിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുക്കുകയായിരുന്നു. ചില സംഘടനകൾ പരാതിയുമായി രംഗത്തെത്തിയതോടെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തെറ്റുതിരുത്തലിന്റെ ഭാഗമായി ഫോട്ടോഷൂട്ടിൽ പങ്കെടുത്തവരെ പൊലീസ് ക്യാമ്പിലെ പരിശീലനത്തിനും ശബരിമല ശുചീകരണത്തിനും നിയോഗിക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുള്ളതായി സൂചനയുണ്ട്. പൊലീസ് സേനയ്‌ക്ക് കർശന മാർഗനിർദേശങ്ങൾ ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകി പൊലീസ് അധികൃതർ. തീർഥാടകരോട് അപമര്യാദയായി പെരുമാറരുത്, തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്, ജോലി സമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, പതിനെട്ടാം പടിയിലുൾപ്പെടെ ബലപ്രയോഗം പാടില്ല, തീർഥാടകരെ സ്വാമി എന്നുതന്നെ അഭിസംബോധന ചെയ്യണം, പ്രകോപനങ്ങളിൽ ആത്മസംയമനം പാലിക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. പ്രമുഖ പത്രത്തിന്റെ ഫോട്ടോഷൂട്ട് എന്ന് ആരോപണം പതിനെട്ടാം പടിയിൽ പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുക്കാൻ നിന്നത് പ്രമുഖ പത്രത്തിന്റെ ആവശ്യപ്രകാരമെന്ന് ആരോപണം. നടയടച്ച ശേഷം ഒന്നോ രണ്ടോ പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുക്കുന്നതിനിടയിൽ പത്രത്തിന്റെ ഫോട്ടോഗ്രാഫർ മുഴുവൻ പേരെയും വിളിച്ചുവരുത്തി ഫോട്ടോ എടുപ്പിച്ചെന്നാണ് ആരോപണം. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറും ഇതുകണ്ട് ഫോട്ടോ എടുത്തു. എന്നാൽ പൊലീസ് ഫോട്ടോഗ്രാഫർ ചിത്രമെടുത്തു എന്നതരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചത്. സ്‌തുത്യർഹമായ സേവനത്തിലൂടെ സന്നിധാനത്തുൾപ്പെടെ തിരക്ക് കുറയ്ക്കാൻ ആദ്യ ബാച്ച് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നു. വിവിധ കോണുകളിൽ നിന്നും ഉദ്യോഗസഥർക്ക് പ്രശംസകളും ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പത്രം ഫോട്ടോ എടുത്തതെന്നാണ് സൂചന. ചട്ടം ലംഘിച്ച കടയുടമകൾക്കെതിരെ നടപടി വേണം: ഹൈക്കോടതി ശബരിമലയിൽ അനുവദിച്ചതിൽ കൂടുതൽ സ്ഥലം കൈയേറിയ കടയുടമകൾക്കെതിരായ നടപടികൾ അറിയിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. കരാർചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളുടെ വിൽപ്പന, പഴകിയ എണ്ണയുടെയും മസാലകളുടെയും ഉപയോഗം, അമിതവില തുടങ്ങിയവയ്‌ക്കെതിരെ പിഴയടക്കം നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വംബെഞ്ച് നിർദേശിച്ചു. ക്ഷേത്രപരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണം. പതിനെട്ടാംപടിയിൽ പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയതിൽ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ് ശ്രീജിത് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. Read on deshabhimani.com