കുട്ടമ്പുഴയിൽ പശുവിനെ തേടിപ്പോയ സ്ത്രീകൾ വനത്തിൽ കുടുങ്ങി
കോതമംഗലം പശുവിനെ തേടിപ്പോയ മൂന്ന് സ്ത്രീകൾ വഴിതെറ്റി കുട്ടമ്പുഴ വനാന്തരത്തിൽ കുടുങ്ങി. ഇവരെ അട്ടിക്കളം വനമേഖലയിൽ കാണാതായെന്നാണ് പരാതി. മാളേക്കുടി മായ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെ വ്യാഴം വൈകിട്ട് 5.30 മുതലാണ് കാണാതായത്. പശുവിനെ തിരക്കി വ്യാഴം പകൽ ഒന്നോടെയാണ് മൂവരും കാടിനുള്ളിലേക്ക് പോയത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഫോണുമായി വൈകിട്ട് 5.30 വരെ ആശയവിനിമയം നടത്തിയിരുന്നതായി വീട്ടുകാർ പറയുന്നു. തുടർന്ന് ഫോൺ ബന്ധം നിലച്ചു. ഇതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പൊലീസിനെയും വനപാലകരെയും വിവരം അറിയിച്ചു. കുട്ടമ്പുഴ പൊലീസ് ഇൻസ്പെക്ടർ പി എ ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വനപാലകരും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുള്ളത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആധുനികസൗകര്യങ്ങൾ ഉപയോഗിച്ച് വിപുലമായ തിരച്ചിൽ നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. Read on deshabhimani.com