പുതിയ പാനലുമായി സംവാദം തുടരും ; സമൂഹമാധ്യമത്തിലൂടെ ജനങ്ങൾക്കും അഭിപ്രായം അറിയിക്കാം
തിരുവനന്തപുരം സിൽവർലൈനിൽ എതിരഭിപ്രായമുള്ളവരെക്കൂടി പങ്കെടുപ്പിച്ച് നടത്തിയ സംവാദത്തിന് അനുകൂല പ്രതികരണമുണ്ടായതിനാൽ സംവാദം തുടരാൻ കെ–- റെയിൽ. പാനൽ അംഗങ്ങളെ തെരഞ്ഞെടുത്താൽ ഉടൻ സംവാദം നടത്തും. പാനലിലും സദസ്സിലും വ്യത്യസ്‌ത അഭിപ്രായമുള്ളവരാകും. മാധ്യമപ്രവർത്തകർക്കും പ്രതികരിക്കാം. സമൂഹമാധ്യമത്തിലൂടെ ജനങ്ങൾക്കും അഭിപ്രായം അറിയിക്കാം. അനുകൂലിക്കുന്നവർ, എതിർക്കുന്നവർ എന്ന നിലയിലല്ല, പദ്ധതിയിൽ വ്യത്യസ്‌ത അഭിപ്രായമുള്ളവരാകും പാനൽ അംഗങ്ങൾ. പാനൽ അംഗങ്ങൾ, ക്ഷണിക്കപ്പെട്ടവർ, മാധ്യമപ്രവർത്തകർ എന്ന നിലയിലാകും അടുത്ത സംവാദവുമെന്ന് കെ–- റെയിൽ എംഡി അജിത്‌കുമാർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലും ചാനലുകളിലും തത്സമയം ജനങ്ങൾക്ക് കാണാം. എല്ലാവരുടെയും അഭിപ്രായത്തെ മാനിക്കുന്നു. വ്യാഴാഴ്‌ചത്തെ സംവാദം തുറന്ന ചർച്ചയ്‌ക്കുള്ള അവസരമായെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മകമായി പ്രതികരിച്ച ഡോ. ആർ വി ജി മേനോനെ സംവാദത്തിൽ പങ്കെടുപ്പിക്കാനായത് നേട്ടമായി. കേരളത്തിന്റെ ഗതാഗത സംവിധാനത്തിന്റെ അവസ്ഥ തുറന്നുസമ്മതിച്ച അദ്ദേഹം റെയിൽവേയുടെ അവഗണനയും ചൂണ്ടിക്കാട്ടി. ബ്രോഡ്‌ഗേജിൽ പുതിയ പാത നിർമിക്കാമെന്ന വാദവും ആർ വി ജി ഉയർത്തി. എന്നാൽ, ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടും റെയിൽവേയുടെ സമീപനവും റിട്ട. റെയിൽബോർഡ് അംഗം സുബോധ് കുമാർ ജയിൻ വിവരിച്ചു. Read on deshabhimani.com