പരീക്ഷ, മദ്യവിൽപ്പന, അതിഥിത്തൊഴിലാളി... വീണ്ടും കേരളമാതൃക; പ്രതിപക്ഷത്തിന് ലജ്ജിച്ച് തലതാഴ്‌ത്താം
മാറ്റിവച്ച എസ്‌എസ്‌എൽസി പരീക്ഷ പ്രശ്‌നമൊന്നുമില്ലാതെ പൂർത്തിയാക്കി. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം പൂർണമായും പാലിച്ച് മദ്യവിൽപ്പനയും സുഗമമായി നടക്കുന്നു. അതിഥിത്തൊഴിലാളികളുടെ യാത്രയുടെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതിന് എത്രയോ മുമ്പ് ആ വഴിക്കും സംസ്ഥാന സർക്കാർ മുന്നോട്ടുപോയി... കേരള മികവിന്റെ പട്ടിക നീളുമ്പോൾ ഇടങ്കോലിടൽ മുഖമുദ്രയാക്കിയ പ്രതിപക്ഷത്തിന് ലജ്ജിച്ച് തലതാഴ്‌ത്താം. ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ അവസാനിച്ചപ്പോൾ 4.22 ലക്ഷം വിദ്യാർഥികളുടെ ആശങ്കയാണ് ഒഴിഞ്ഞത്. എന്നാൽ, എസ്‌എസ്‌എൽസി പരീക്ഷ നടത്തരുതെന്നാണ് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. വിദ്യാർഥികളുടെ ഭാവി രാഷ്‌ട്രീയവൈരത്തിന് ആയുധമാക്കാനായിരുന്നു ശ്രമം. പരീക്ഷ നടത്തുന്ന മുഖ്യമന്ത്രിക്ക് വട്ടാണെന്നുവരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ ആരോപിച്ചു. സിബിഎസ്‌ഇ പരീക്ഷ ജൂലൈയിലേക്ക് നീട്ടിയ സാഹചര്യത്തിലാണ് കേരളത്തിൽ ഒരു പ്രശ്‌നവുമില്ലാതെ പരീക്ഷ നടത്തിയത്. അവശേഷിച്ച പ്ലസ്‌ടു പരീക്ഷ ശനിയാഴ്‌ച പൂർത്തിയാക്കുന്നതോടെ വിദ്യാഭ്യാസരംഗം ചലനാത്മകമാക്കുന്നതിനുള്ള സർക്കാർ ഇടപെടലാണ് ഫലം കാണുത്. മദ്യവിൽപ്പനശാലകളിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാനാണ് സർക്കാർ വെർച്വൽ ക്യൂ സമ്പ്രദായം നടപ്പാക്കിയത്. ആദ്യദിനത്തിലെ ചില സാങ്കേതിക പ്രശ്‌നങ്ങൾ ഒഴിച്ചാൽ മൊബൈൽ ആപ് വഴിയുള്ള വിൽപ്പന സ്വീകാര്യതയോടെ മുന്നേറുകയാണ്. 1.8 കോടി ആവശ്യപ്പെട്ട കമ്പനിക്ക് കൊടുക്കാതെ മൂന്ന് ലക്ഷത്തിൽ താഴെ നിരക്കിൽ ആപ് നിർമാണ കരാർ നൽകിയതിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ അതിഥിത്തൊഴിലാളികളുടെ കാര്യത്തിലും സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റി. സമൂഹ അടുക്കള വഴി എല്ലാവർക്കും രണ്ടുമാസം ഭക്ഷണം എത്തിച്ചു. വാടക വീടുകളിൽനിന്ന് ഇറക്കിവിടരുതെന്ന് കർശന നിർദേശം നൽകി. തിരിച്ചുപോകുന്നവരുടെ യാത്രാക്കൂലി റെയിൽവേ വഹിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നാട്ടിലേക്ക് മടങ്ങിയവർക്ക് ഭക്ഷണവും വെള്ളവും സാനിറ്റൈസറും സോപ്പും നൽകിയാണ് കേരളം യാത്രയാക്കിയത്. തിരിച്ചെത്തുന്ന പ്രവാസികളിൽ സാമ്പത്തികമായി കഴിവുള്ളവർമാത്രം ക്വാറന്റൈൻ ചെലവ് വഹിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ഉറപ്പുനൽകിയിട്ടുമുണ്ട്. എന്നിട്ടും പ്രവാസികളുടെ പേരിൽ സമരപ്രഹസനത്തിനാണ് പ്രതിപക്ഷനീക്കം. Read on deshabhimani.com