ആരോപണം ശരിയല്ല;കേരളത്തിൽ കോവിഡ്‌ ടെസ്‌റ്റ്‌ 68 ഇരട്ടി : കെ കെ ശൈലജ



സ്വന്തം ലേഖിക സംസ്ഥാനത്ത്‌ കോവിഡ്‌ ടെസ്‌റ്റിന്റെ എണ്ണം കുറവാണെന്ന ആരോപണം ശരിയല്ലെന്ന്‌ മന്ത്രി  കെ കെ ശൈലജ പറഞ്ഞു. ജനസംഖ്യയിൽ പത്തുലക്ഷത്തിൽ എത്ര രോഗികൾ എന്നതിന്‌  ആനുപാതികമായാണ്‌ പരിശോധനകളുടെ എണ്ണം‌. അങ്ങനെ നോക്കിയാൽ സംസ്ഥാനത്ത്‌ ആകെ രോഗബാധിതരുടെ 68 ഇരട്ടി പരിശോധന നടക്കുന്നുണ്ട്‌. മഹാരാഷ്ട്ര, തമിഴ്‌നാട്‌ തുടങ്ങി പരിശോധന കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിൽ ഇത്‌ രോഗബാധിതരുടെ 27 ഇരട്ടി മാത്രമാണ്. ബ്രിട്ടൻ, അമേരിക്ക  തുടങ്ങിയ രാജ്യങ്ങളിൽ ആദ്യ ഘട്ടത്തിൽ എല്ലാവരെയും പരിശോധിച്ചു. രോഗവ്യാപനം തീവ്രമായപ്പോൾ ആവശ്യമായവരെ പരിശോധിക്കാനുള്ള കിറ്റുകൾ ഇല്ലാതെ വന്നു. രോഗം കണ്ടെത്താതെയും  ചികിത്സ ലഭിക്കാതെയും നിരവധി ആളുകൾ മരിച്ചു. സംസ്ഥാനത്ത്‌ ആദ്യ ഘട്ടത്തിൽ  കിറ്റിന്‌ ദൗർലഭ്യം ഉണ്ടായിരുന്നു. സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി ലക്ഷണം ഉള്ളവരെ പരിശോധിക്കുക എന്ന ശാസ്ത്രീയമാർഗം‌ അവലംബിച്ചു‌. ടെസ്‌റ്റ്‌ ചെയ്യാത്തതിനാൽ ഒരു രോഗിയെപ്പോലും കണ്ടെത്താതെ പോയില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സാമൂഹ്യവ്യാപനം ഉണ്ടാകുമായിരുന്നു.  വരുന്നവരുടെ എണ്ണം കൂടുംതോറും പരിശോധനയും കൂട്ടുന്നു. ആദ്യ ഘട്ടത്തിൽ പ്രതിദിനം ആയിരത്തോളം പരിശോധനയാണ്‌ നടത്തിയത്‌. പിന്നീട്‌ അത്‌ രണ്ടായിരമായും ഇപ്പോൾ മൂവായിരമായും ഉയർത്തി. സംശയമുള്ളവരെ കേന്ദ്രീകരിച്ചുള്ള‌ പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News