കോവിഡ് പ്രതിരോധം : കേരളത്തിന്റെ നേട്ടം ആർക്കും വികൃതമാക്കാനാകില്ല : മുഖ്യമന്ത്രി
കേരളത്തിന്റെ കോവിഡ് പ്രതിരോധം വ്യത്യസ്തമാകുന്നത് ജനങ്ങളുടെയും സർക്കാരിന്റെയും ഐക്യത്തിന്റെ ബലത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ടാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ടു തിരിയുന്നത്. എന്നാൽ, അതിനെ വികൃതമായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐസിഎംആറിന്റെ മാർഗനിർദേശങ്ങൾ പൂർണ അർഥത്തിൽ പാലിച്ച് കോവിഡ് വ്യാപനം തടയാൻ ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയംതന്നെ ഇത് അംഗീകരിക്കുകയും കേരളത്തിന്റെ പ്രവർത്തനത്തെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തതാണ്. കേരള മാതൃക മറ്റു സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. മാധ്യമങ്ങൾ അതു റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെടുമ്പോൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമാണ് സ്രവ പരിശോധന ഉണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ നിരന്തരമായി ശ്രമിച്ച് സർക്കാർ മേഖലയിൽ 15 സ്ഥാപനങ്ങളിൽ ടെസ്റ്റിങ് സൗകര്യം ഏർപ്പെടുത്തി. അവയ്‌ക്ക് ഐസിഎംആറിന്റെ അംഗീകാരവും നേടി. അഞ്ച് സ്വകാര്യ ലാബുകൾക്കും ഇപ്പോൾ ടെസ്റ്റിങ് അംഗീകാരമുണ്ട്. ആദ്യഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറിൽനിന്നും ലഭിച്ചിരുന്നുള്ളു. എന്നാൽ, ഐസിഎംആർ മാർഗനിർദേശപ്രകാരമുള്ള ടെസ്റ്റിങ്ങിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ലഭിച്ച കിറ്റുകൾ നാം ശ്രദ്ധയോടെ വിനിയോഗിച്ചു. ഇപ്പോൾ പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ കൂടുതൽ ടെസ്റ്റിന്റെ ആവശ്യം വന്നിരിക്കുകയാണ്. അത് കണക്കിലെടുത്ത് ടെസ്റ്റുകൾ വർധിപ്പിച്ചു. ദിവസം ശരാശരി 3,000 ടെസ്റ്റുകളാണ് ഇനി ചെയ്യുന്നത്. ടെസ്റ്റ് ചെയ്യുന്നതിന് ഐസിഎംആറിന്റെ വ്യക്തമായ മാർഗനിർദേശമുണ്ട്. അത് കാര്യക്ഷമതയോടെ ചെയ്യുന്നുണ്ട്. വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഐസിഎംആർ വഴി ലഭിച്ച കിറ്റുകൾക്ക് ഗുണനിലവാരമുണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ടെന്ന് അവർ തന്നെ നിർദേശിച്ചു. അതുകാരണമാണ് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താൻ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലദോഷപ്പനിക്കും കോവിഡ് ടെസ്‌റ്റ് ഐസിഎംആർ മാർഗനിർദേശ പ്രകാരം ജലദോഷപ്പനിയുള്ളവരെയും ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. കാരണം, കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ജലദോഷപ്പനി ബാധിച്ചവരിലും കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്ക് ക്വാറന്റൈൻ: ആർക്കും ആശങ്ക വേണ്ട നിലവിൽ എല്ലാവർക്കും ക്വാറന്റൈൻ സൗജന്യമാണെന്നും ശേഷിയുള്ളവരിൽനിന്ന് ചെലവ് ഈടാക്കുന്നതിൽ വിശദ ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശേഷിയുള്ളവരാണ് പണം അടയ്‌ക്കേണ്ടിവരിക. പാവപ്പെട്ടവർ പണം കൊടുക്കേണ്ടി വരില്ല. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രവാസികൾ വഴിയിൽ കുടുങ്ങിയെന്ന ആക്ഷേപം പരിശോധിക്കും. ഇക്കാര്യത്തിൽ രാവും പകലും ജാഗ്രതയോടെ പ്രവർത്തിക്കുന്നവരാണ് ഉദ്യോഗസ്ഥർ. ഈ സംഭവം പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്തൽ വരുത്തും. ലോക്‌ഡൗൺ തുടരുന്നതിൽ കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. എല്ലാ ദിവസവും സെക്രട്ടറിതല കോൺഫറൻസുണ്ട്. അതല്ലാതെ മറ്റ് അഭിപ്രായം ചോദിച്ചിട്ടില്ല. അതിഥിത്തൊഴിലാളികളെ പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് അയക്കണമെന്നും യാത്രച്ചെലവ് കേന്ദ്രം വഹിക്കണമെന്നും നേരത്തേ കേരളം പറഞ്ഞിട്ടുണ്ട്. ആദ്യദിവസംമുതൽ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും കൈയിൽ കൊടുക്കുകയുംചെയ്‌തു. 108 ആംബുലൻസ് നടത്തിപ്പുകാരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത് പരിഹരിച്ചതാണ്. ഡ്രൈവർമാർക്ക് ശമ്പളം കിട്ടാതിരിക്കില്ല. എന്താണ് പ്രശ്‌നമെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർ വരേണ്ട ആവശ്യങ്ങൾ ഉണ്ടാകും. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നിർദേശങ്ങൾ നൽകും. ഈ ഘട്ടത്തിൽ വീട്ടുവാടക വാങ്ങാൻ പാടില്ലെന്നാണ് സർക്കാർ നിലപാട്. മിക്കവാറും പേർ അത് അംഗീകരിക്കുന്നു. പ്രശ്‌നങ്ങളുണ്ടെങ്കിൽ സർക്കാർ ഇടപെടും. പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനങ്ങൾക്ക് അനുമതി നൽകുന്നത് അടുത്ത ഘട്ടത്തിൽ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com