നെടുങ്ങപ്ര വനിതാ സഹ. സംഘം തെരഞ്ഞെടുപ്പ് ; അഴിമതിക്കാരെ വീണ്ടും മത്സരിപ്പിക്കരുതെന്ന്‌ 
കോൺഗ്രസ്‌ ഗ്രൂപ്പുകൾ



പെരുമ്പാവൂർ നെടുങ്ങപ്ര വനിതാ സഹകരണ സംഘത്തിലെ തെരഞ്ഞെടുപ്പിൽ അഴിമതിക്കാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. ഓണം വിപണിയിലെ ഉൽപ്പന്നങ്ങൾ കരിഞ്ചന്തയിൽ വിറ്റ്‌ സർക്കാരിന്‌ നഷ്‌ടമുണ്ടാക്കിയതിനെ തുടർന്ന് യുഡിഎഫ് ഭരണസമിതിയെ അഞ്ചുവർഷംമുമ്പ് സഹകരണ രജിസ്ട്രാർ പിരിച്ചുവിട്ടിരുന്നു. വനിതാ സഹകരണ സംഘത്തിൽ ആരോപണവിധേയരായവരുടെ നേതൃത്വത്തിൽ വീണ്ടും മത്സരിക്കാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കിയത്‌. കെപിസിസി അംഗമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഭാര്യ പ്രസിഡന്റായിരുന്ന വനിതാ സഹകരണ സംഘത്തിൽ വ്യാപക അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് പിരിച്ചുവിട്ടത്. സംഘം രൂപീകരിച്ച 2002 മുതൽ 2019 വരെ പ്രസിഡന്റായിരുന്ന ഇ പി അന്നത്തിനെതിരെയാണ് സഹകാരികളായ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഘത്തിന്റെ ഓണം വിപണിയിലേക്ക് കൊണ്ടുവന്ന അരി ഉൾപ്പെടെ റേഷൻ ഉൽപ്പന്നങ്ങൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയതിന്റെ പേരിൽ സഹകരണവകുപ്പ് ഭരണസമിതി പിരിച്ചുവിട്ടു. തുടർന്ന്‌ അഡ്‌മിനിസ്‌ട്രേഷൻ ഭരണം ഏർപ്പെടുത്തി. സർക്കാരിന് വരുത്തിയ നഷ്ടവും പിഴയും ഇവർ അടച്ച് പ്രശ്നം തീർത്തു. തെരഞ്ഞെടുപ്പുവിജ്ഞാപനം വന്നതോടെ കോൺഗ്രസ് ഐ ഗ്രൂപ്പിന്റെ പിന്തുണയിൽ യുഡിഎഫ്‌ പാനലിൽ ഇവർ വീണ്ടും മത്സരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒക്ടോബർ 27നാണ് സംഘത്തിന്റെ തെരഞ്ഞെടുപ്പ്. അഴിമതി നടത്തിയ പഴയ പാനലിൽ ആരെയും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് സഹകാരികളായ കോൺഗ്രസ് പ്രവർത്തകർ കത്ത് അയച്ചു.   Read on deshabhimani.com

Related News