അങ്കമാലി–കുണ്ടന്നൂർ ദേശീയപാത ; ആശങ്ക അകറ്റി ഭൂമി
ഏറ്റെടുക്കും : മന്ത്രി പി രാജീവ്



കൊച്ചി അങ്കമാലിമുതൽ കുണ്ടന്നൂർവരെ 44.7 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമിക്കുന്ന ദേശീയപാത 544ന്റെ ഭൂമിയേറ്റെടുപ്പുനടപടിക്കു മുന്നോടിയായി ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി പി രാജീവ്. ദേശീയപാതയുടെ അലൈൻമെന്റുപ്രകാരമുള്ള കല്ലിടൽനടപടികൾക്കു മുന്നോടിയായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും ദേശീയപാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള അവലോകനയോഗത്തിൽ അധ്യക്ഷനാകുകയായിരുന്നു മന്ത്രി. നിലവിലെ അലൈൻമെന്റിൽ മാറ്റം പ്രായോഗികമല്ല. അണ്ടർപാസുകൾ, എൻട്രി-–-എക്സിറ്റ് പോയിന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കും. എക്സിറ്റ് പോയിന്റുകൾ എവിടെ വേണമെന്ന്‌ പ്രാദേശികമായി തീരുമാനിക്കും. ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പും നഷ്ടപരിഹാരവിതരണവും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നവിധത്തിൽ പൂർത്തിയാക്കും. രണ്ടരവർഷത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കി നിർമാണം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ പി വി ശ്രീനിജിൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കലക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ വികസന കമീഷണർ അശ്വതി ശ്രീനിവാസ്, ദേശീയപാത അതോറിറ്റി അധികൃതർ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പ്രതീക്ഷിത ചെലവ്‌ 4650 കോടി തൃശൂർ–-ഇടപ്പള്ളി പാത വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് അങ്കമാലി കരയാംപറമ്പിൽനിന്ന്‌ ആരംഭിച്ച് നെട്ടൂർവരെ ആറുവരിയായി ദേശീയപാത നിർമിക്കുന്നത്‌. 18 വില്ലേജുകളിലൂടെയും മൂന്നു താലൂക്കുകളിലൂടെയും പാത കടന്നുപോകും. 15 പാലങ്ങളാണ് നിർമിക്കുക. 4650 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 290 ഹെക്ടർ സ്ഥലമാണ് പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരിക. Read on deshabhimani.com

Related News