മത്സ്യമേഖലയ്‌ക്ക് ആഘാതമായി കേന്ദ്രസർക്കാരിന്റെ പുതിയ സെസ് തീരുമാനം ; ഡിസംബർ ഒമ്പതിനകം അപേക്ഷിക്കണം
കൊച്ചി പ്രതിസന്ധിയിലായ മത്സ്യമേഖലയ്‌ക്ക് കടുത്ത പ്രഹരവുമായി കേന്ദ്രസർക്കാരിന്റെ പുതിയ സെസ്. മാനദണ്ഡങ്ങളോ വ്യക്തതയോ വരുത്താതെ ബില്ലിൽ പറഞ്ഞിരിക്കുന്ന സെസിനെതിരെ പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് മത്സ്യത്തൊഴിലാളി സംഘടനകൾ തയ്യാറെടുക്കുകയാണ്. മത്സ്യബന്ധനയാനങ്ങൾ രജിസ്‌റ്റർ ചെയ്യുന്നതിന് ലൈസൻസ് ഫീസ് നിലവിലുണ്ട്. ഇതിനു പുറമെയാണ് പ്രത്യേക സെസ്. എന്നാൽ, സെസിന് ആധാരമായ മാനദണ്ഡങ്ങൾ ബില്ലിൽ വിശദീകരിച്ചിട്ടില്ല. കേരളത്തിലെ ആയിരക്കണക്കിന് ബോട്ടുകളുടെയും ഇൻ-ബോർഡ് അടക്കമുള്ള എൻജിൻ ഘടിപ്പിച്ച വള്ളങ്ങളുടെയും സംരംഭകരെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ സെസ് നിർദേശം. മത്സ്യലഭ്യതയിലെ കുറവുമൂലം മത്സ്യബന്ധന യൂണിറ്റുകൾ പലതും പ്രവർത്തനരഹിതമായി. പ്രവർത്തിക്കുന്നവ ഭാരിച്ച കടബാധ്യതയിലാണ്. മത്സ്യവരൾച്ചാ പാക്കേജ് അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് പുതിയ സെസ് നിർദേശം. ഇതിനെതിരെ പ്രചാരണ, പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കാൻ മത്സ്യത്തൊഴിലാളി സ്‌റ്റേറ്റ് കോ–-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മത്സ്യലഭ്യതയിൽ ഉണ്ടായ കുറവുമൂലം പ്രതിസന്ധി നേരിടുന്ന കേരളത്തിലെ മത്സ്യബന്ധനമേഖലയെ പ്രതികൂലമായി ബാധിക്കുന്നതും കടലിനെ വിദേശ കുത്തകകൾക്ക് തീറെഴുതുന്നതുമായ തീരുമാനങ്ങൾ ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ കേന്ദ്ര മത്സ്യബന്ധന ബിൽ പരിഷ്കരിച്ചിരിക്കുന്നത്. ജൂലൈയിലാണ് ബില്ലിന്റെ കരട് കേന്ദ്രം അവതരിപ്പിച്ചത്. സംസ്ഥാനങ്ങൾ ചർച്ചചെയ്‌ത് ഭേദഗതികൾ നൽകണമെന്ന അറിയിപ്പോടുകൂടിയാണ് ബിൽ ഫിഷറീസ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്നുവന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ എടുത്തുകളയുകയും കടലിനെ കുത്തകകൾ തീറെഴുതുകയും ചെയ്യുന്ന നിയമത്തെ സംബന്ധിച്ച് ചർച്ചചെയ്യാൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആഗസ്‌ത് രണ്ടിന് കൊച്ചിയിൽ യോഗം വിളിച്ചുചേർത്തു. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കടൽമേഖലയുടെ പരിപാലന നിയന്ത്രണ അവകാശം കേന്ദ്രം കവർന്നെടുക്കുകയും മേഖലയുടെ നിയന്ത്രണം കോസ്റ്റ് ഗാർഡിനെ ഏൽപ്പിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ശക്തമായ വിമർശം യോഗത്തിൽ ഉയർന്നുവന്നു. 12 നോട്ടിക്കൽ മൈലിനു പുറത്തുള്ള യാനങ്ങൾക്ക് കേന്ദ്ര മർച്ചന്റ് ഷിപ്പിങ് ആക്ട് പ്രകാരമുള്ള പെർമിറ്റ് എടുക്കണമെന്നും ശിക്ഷാനടപടികൾക്ക് കേന്ദ്രം നിയോഗിക്കുന്ന നിയമസംവിധാനമാണ് വേണ്ടത് എന്നതടക്കമുള്ള നിയമം എടുത്തുമാറ്റണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. നിയമത്തിൽ 48 ഭേദഗതികൾ സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചു. തുടർന്ന് കേരളം സന്ദർശിച്ച കേന്ദ്ര ഫിഷറീസ് സെക്രട്ടറി രജനി എസ് സിബൽ 48 ഭേദഗതികളിൽ 43ഉം കേന്ദ്രം അംഗീകരിച്ചതായി അറിയിച്ചു. എന്നാൽ, നവംബറിൽ പുറത്തിറക്കിയ പരിഷ്കരിച്ച ബില്ലിലും കടലിനെ കുത്തകവൽക്കരണത്തിനു വിധേയമാക്കുന്ന നീക്കത്തിൽനിന്നു പിന്മാറാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. മാത്രമല്ല, മത്സ്യബന്ധന യാനങ്ങൾക്കും വിവിധ വിഭാഗങ്ങൾക്കും പുതിയ സെസ് ഏർപ്പെടുത്തുമെന്ന ഭേദഗതികൂടി വരുത്തുകയും ചെയ്‌തു. മത്സ്യമേഖലയിലെ എല്ലാ തൊഴിലാളി സംഘടനകളെയും കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണിനിരത്തി പാർലമെന്റ് മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഞായറാഴ്‌ച കൊടുങ്ങല്ലൂരിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. Read on deshabhimani.com