കൊച്ചിക്ക്‌ കുതിപ്പേകി നയപ്രഖ്യാപനം; ഒരു കുടക്കീഴിൽ പൊലീസ്‌; മെട്രോയ്‌ക്ക്‌ പിങ്ക്‌ലൈൻ



കൊച്ചി > ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മെട്രോ നഗരത്തിന്‌ നിരവധി വികസനപദ്ധതികൾ ഉൾപ്പെടുത്തി എൽഡിഎഫ്‌ സർക്കാർ. ഗതാഗതക്കുരുക്കിന്‌ പരിഹാരമായ മേൽപ്പാലങ്ങളുടെ പൂർത്തീകരണവും കാക്കനാട്ടേയ്‌ക്ക്‌ മെട്രോ നീട്ടുന്നതും ഉൾപ്പെടെയുള്ള പദ്ധതികളാണ്‌ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്‌. നഗരത്തിലെ വിവിധ പൊലീസ്‌ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കൊച്ചി സിറ്റി പൊലീസ്‌ സമുച്ചയത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. കേരളത്തിലേക്ക്‌ വൻകിട പ്രദർശനങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കാക്കനാട്‌ 15 ഏക്കർ സ്ഥലത്ത്‌ ലോകനിലവാരത്തിലുള്ള എക്‌സിബിഷൻ കം കൺവൻഷൻ സെന്റർ നിർമിക്കുന്നതിനായി കിൻഫ്ര, ഇന്ത്യ ട്രേഡ്‌ പ്രമോഷൻ ഓർഗനൈസേഷനുമായി ചേർന്ന്‌ സംയുക്തമായി കമ്പനി രൂപീകരിക്കും. ഈ സൗകര്യം ഉപയോഗിച്ച്‌ കേരളത്തിലെ വ്യവസായികൾക്ക്‌ ലോക മാർക്കറ്റിൽ ഇടം കണ്ടെത്താൻ സാധിക്കും. കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽനിന്ന്‌ ആരംഭിച്ച്‌ കാക്കനാടുവരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാമത്തെ കോറിഡോറിന്റെ (പിങ്ക്‌ ലൈൻ) പണി ഈവർഷം ആരംഭിക്കും. കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഈവർഷം പൂർത്തിയാക്കും. ഫോർട്ട്‌ കൊച്ചി ബീച്ച്‌ സർക്കാർ ഏറ്റെടുക്കും. ലോകനിലവാരത്തിലുള്ള ശുചിമുറികൾ നിർമിക്കും. വൈദ്യുത വാഹനങ്ങൾ ചാർജ്‌ ചെയ്യുന്നതിന്‌ നഗരത്തിൽ  ഇലക്‌ട്രിക്‌ ചാർജിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കും. കാലാവസ്ഥപ്രവചനത്തിന്‌ ഫിഷറീസ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കും. സമുദ്രത്തിൽനിന്ന്‌ പ്ലാസ്‌റ്റിക്‌ നീക്കം ചെയ്യുന്ന ‘ശുചിത്വ സാഗരം’ പദ്ധതി മുനമ്പം തുറമുഖത്തേക്ക്‌ വ്യാപിപ്പിക്കും. ചരക്കുനീക്കത്തിന്‌ ബാർജ്‌ സർവീസ്‌ ആരംഭിക്കാൻ തേവരയിലെ ഡോക്‌യാഡ്‌ നവീകരിക്കും. ജില്ലയിലെ ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ബോട്ട്‌ ജെട്ടികൾ നവീകരിക്കും. ഏഷ്യൻ വികസന ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൊച്ചി നഗരത്തിലും പരിസരത്തും 24 മണിക്കൂറും ജലവിതരണം ഉറപ്പാക്കും. ഈ പദ്ധതി 2020ൽ ആരംഭിച്ച്‌ 2029ൽ പൂർത്തിയാക്കും. Read on deshabhimani.com

Related News