ദേശീയ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിൽ; കേന്ദ്രത്തിൽനിന്നുള്ള സംസ്ഥാനവിഹിതത്തിൽ വലിയ കുറവുണ്ടായി: ഗവർണർ
തിരുവനന്തപുരം ദേശീയ സമ്പദ് വ്യവസ്ഥ മുമ്പെങ്ങുമില്ലാത്തവിധം മാന്ദ്യം നേരിടുകയാണെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. ഇത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി. മാന്ദ്യവും നികുതി ഇളവുകളുംമൂലം കേന്ദ്രത്തിൽനിന്നുള്ള സംസ്ഥാനവിഹിതത്തിൽ വലിയ കുറവുണ്ടായി. സംസ്ഥാനത്തിന്റെ പൊതുവായ്‌പ കുറച്ചതും ദുരിതം വർധിപ്പിക്കുന്നു. രാജ്യത്ത് തൊഴിലവസരങ്ങളും കുറയുന്നു. തൊഴിലില്ലായ്‌മയുടെ കണക്ക് 45 വർഷത്തെ ഉയർന്ന നിരക്കിലാണ്. സംസ്ഥാനങ്ങളുടെ ചെലവു ബാധ്യത വർധിക്കുമ്പോൾ വരുമാനശേഷി കുറയ്‌ക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇത് സഹകരണ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നിലപാടാണ്. നിരന്തരമായ മാന്ദ്യത്തിന്റെ കാലത്ത് ധനപരമായ യാഥാസ്ഥിതികതയും കമ്മി അനുപാതങ്ങൾ യാന്ത്രികമായി പാലിക്കുന്നതും അപകടമാകുന്നുവെന്നും ഗവർണർ പറഞ്ഞു. Read on deshabhimani.com