ഓർമകളുറങ്ങാത്ത കവളപ്പാറ ; ദുരന്തത്തിന്‌ 
ആഗസ്‌ത്‌ എട്ടിന്‌ അഞ്ചുവർഷം



മലപ്പുറം ചൂരൽമലയിലെ ഉരുൾപൊട്ടലിൽപ്പെട്ട് ചാലിയാർ പുഴയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾ കരയ്‌ക്കടുപ്പിക്കുമ്പോൾ പോത്തുകല്ലിൽ വീണ്ടും ഓർമകൾപെയ്‌തു. അ‍ഞ്ചുവർഷം മുമ്പായിരുന്നു അവരുടെ ഉറ്റവരെ കൊണ്ടുപോയ ദുരന്തപ്പേമാരി. പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറയില്‍ മുത്തപ്പൻ മലയിടിഞ്ഞ് അന്ന്‌ മരിച്ചത്‌ 59 പേർ. കണ്ണീർപെയ്‌തിറങ്ങിയ രാത്രിയുടെ ഓർമകൾക്ക്‌ അഞ്ചുവർഷം തികയാൻ ഒരാഴ്ചമാത്രം ബാക്കി. 2019 ആഗസ്ത് എട്ടിനായിരുന്നു കവളപ്പാറ ദുരന്തം. മലയുടെ താഴ്‌വാരത്തെ 37 വീടുകളാണ് മണ്ണിനടിയിലായത്. 18 ദിവസം തിരഞ്ഞിട്ടും 48 പേരുടെ മൃതദേഹമാണ് കണ്ടെടുക്കാനായത്. 11 പേർ  ഇപ്പോഴും കാണാമറയത്താണ്. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ ജീവിതത്തിലേക്ക് തിരികെയെത്തി. നൂറേക്കറിൽ പൂർണമായും നാശനഷ്ടമുണ്ടായി. മുത്തപ്പൻ മലയുടെ ചെരിവുള്ള പ്ര​ദേശം 35ഉം കുത്തനെയുള്ള പ്രദേശം 15ഉം നിരപ്പായത് 13ഉം ഏക്കറാണ്. മൺകൂന വന്നടിഞ്ഞ്‌ 37 ഏക്കറും നഷ്ടമായി. ദുരന്തത്തിനിരയായ 59 കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ നാലുലക്ഷം രൂപവീതം ധനസഹായം നൽകി. സ്ഥലവും വീടും വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ 153 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. ഇതിനായി 20 കോടി രൂപ സർക്കാർ ചെലവഴിച്ചു.   Read on deshabhimani.com

Related News