വ്യാപാരസ്ഥാപനങ്ങളിൽ തട്ടിപ്പ്: പ്രതി പിടിയിൽ



കോലഞ്ചേരി ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി മുങ്ങിനടന്ന യുവാവ്‌ പിടിയിൽ. കാക്കനാട് മരോട്ടിച്ചുവട് അല്ലേഡിയം ബംഗ്ലാവിൽ സന്ദീപ് മേനോനെ (30) വ്യാപാരികളുടെ നേതൃത്വത്തിൽ പിടികൂടി കുന്നത്തുനാട് പൊലീസിന് കൈമാറി. ഇയാൾ വ്യാപാര സ്ഥാപനങ്ങളിലെത്തി ഉൽപ്പന്നങ്ങൾ വാങ്ങാൻ ഓർഡർ നൽകും. സാധനങ്ങൾ എടുക്കുന്നതിനിടയിൽ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങിനിൽക്കുന്ന അച്ഛന്റെ ഗൂഗിൾപേ തകരാറിലായെന്ന് പറഞ്ഞ് സ്ഥാപന ഉടമയോട് 1000 മുതൽ 25,000 രൂപവരെ വാങ്ങി മുങ്ങുകയാണ് രീതി. സ്ഥാപന ഉടമയുടെ വിശ്വാസ്യത നേടാൻ അച്ഛനെയാണെന്ന വ്യാജേന ഫോൺ ചെയ്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞദിവസം പള്ളിക്കരയിലെ ഹോട്ടലിലെത്തി പൊറോട്ടയും കറികളും ഓർഡർ ചെയ്ത് എടുത്തുവയ്ക്കുന്ന സമയത്തിനിടയിൽ മീൻകടയിൽ നിൽക്കുന്ന അച്ഛന്റെ ഗൂഗിൾപേ തകരാറിലെന്ന് പറഞ്ഞ് 1500 രൂപ വാങ്ങി മുങ്ങിയിരുന്നു. മുളന്തുരുത്തിയിൽ പലവ്യഞ്ജനക്കടയിൽ അരിയും വെളിച്ചെണ്ണയും ഓർഡർ ചെയ്തശേഷം 2500 രൂപ തട്ടിയെടുത്തു. കിഴക്കമ്പലത്ത് ഇലക്‌ട്രിക്കൽ ആൻഡ് സാനിട്ടറി ഷോപ്പിലെത്തി 25,000 രൂപയുടെ സാധനങ്ങൾ വാങ്ങി സമാനതട്ടിപ്പിന് ശ്രമം നടത്തി. കടയുടമയുടെ കൈയിൽ പണം ഉണ്ടായില്ല. തുടർന്ന്‌ തൊട്ടടുത്ത ഇറച്ചിക്കടയിലെത്തി പത്തു കിലോ ഇറച്ചി ഓർഡർ ചെയ്തശേഷം വീണ്ടും തട്ടിപ്പിന് ശ്രമം നടത്തി. അവരും തുക നൽകിയില്ല. വീണ്ടും കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിലെത്തി 3000 രൂപയുടെ മരുന്ന്‌ വാങ്ങി തട്ടിപ്പിന് കളമൊരുക്കി. ഇവർ ആരും പണംനൽകാതെ വന്നതോടെ സമീപത്തെ സൂപ്പർ മാർക്കറ്റിലെത്തി. വ്യാപാരി വ്യവസായി സമിതിയുടെ വാട്‌സാപ് ഗ്രൂപ്പിൽ ഇയാളുടെ തട്ടിപ്പുസംഭവങ്ങളും ഫോട്ടോയുമടങ്ങിയ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരികൾ ഇയാളെ ത‌ടഞ്ഞുവച്ചു. തുടർന്ന് കുന്നത്തുനാട് പൊലീസിന് കൈമാറി. പ്രതിയെ സെൻട്രൽ പൊലീസിന് കൈമാറി. ജില്ലയിൽ പലയിടങ്ങളിൽ തട്ടിപ്പ് നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പിടിയിലാകുമ്പോഴും ഒരു കൂസലുമില്ലാതെയാണ് തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞത്. Read on deshabhimani.com

Related News