45,000 കോടിയുടെ പദ്ധതിയുമായി കെഎസ്‌ഇബി ; 2030ൽ 10000 മെഗാവാട്ട് സ്ഥാപിതശേഷി
തിരുവനന്തപുരം 2030ൽ 10000 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കാനുള്ള പദ്ധതിയുമായി കെഎസ്‌ഇബി. സ്വന്തംനിലയിൽ ഉൽപാദനവും സംഭരണവും കൂട്ടിയാണ് ലക്ഷ്യംനേടുക. ഇതിനായി ജീവനക്കാരെ പുനഃസംഘടിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ചെയർമാൻ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ചനടന്നു. 15 ദിവസത്തിനകം സംഘടനകൾക്ക് അഭിപ്രായം അറിയിക്കാം. ബാറ്ററി എനർജി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് സംവിധാനം എന്നിവ കൂട്ടാനുള്ള മൂലധന നിക്ഷേപത്തിനായി നിക്ഷേപവും ബോണ്ടും സ്വീകരിക്കുന്നതിലും അഭിപ്രായം തേടി. നിക്ഷേപകർക്ക് 3 വർഷം കഴിഞ്ഞാൽ ലാഭം നൽകാനാകും. ഈ വർഷം വൈദ്യുതി ഇറക്കുമതിക്കായി 14,000 കോടി രൂപവേണം. വരും വർഷങ്ങളിൽ ഇത് വർധിച്ചേക്കും. തദ്ദേശ സ്ഥാപനം, സഹകരണ ബാങ്ക്, സ്റ്റാർട്ടപ്പ് എന്നിവവഴി ചെറുകിട ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത് പരിശോധിക്കും. 45,000 കോടി രൂപയാണ് അടുത്ത ഏഴ് വർഷത്തേക്ക് ആസൂത്രണം ചെയ്ത പദ്ധതികൾക്കായി പ്രതീക്ഷിക്കുന്നത്. ഇതിലെല്ലാമുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച ശേഷം സർക്കാരിന്റെ അംഗീകാരത്തിന് നൽകുമെന്നും ചെയർമാൻ അറിയിച്ചു. Read on deshabhimani.com