കാരുണ്യമായ് ജോസ് ; പാവങ്ങള്‍ക്ക് വീട് വയ്ക്കാന്‍ 20 സെന്റ് സ്ഥലം പാര്‍ടിക്ക്



തൃശൂര്‍ > ജീവിതംകൊണ്ട് മാതൃക കാണിക്കുകയാണ് ജോസ് തെക്കേത്തല എന്ന മനുഷ്യസ്നേഹി. പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കാന്‍ പുരയിടത്തില്‍നിന്ന് 20 സെന്റ് സ്ഥലം സിപിഐഎമ്മിന് കൈമാറിയിരിക്കുകയാണ് കല്ലൂര്‍ സ്വദേശിയും കര്‍ഷകനുമായ ജോസ് തെക്കേത്തല. സംസ്ഥാന സമ്മേളനസ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ഭൂമി നല്‍കുന്നതിന്റെ സമ്മതപത്രവും ആധാരത്തിന്റെ പകര്‍പ്പും ജോസ് കുടുംബസമേതമെത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഏല്‍പ്പിച്ചു. സിപിഐ എം ഒല്ലൂര്‍ ഏരിയ കമ്മിറ്റിയംഗമാണ്ജോസ്്. സമൂഹത്തിനാകെ മാതൃകയാണ് ജോസ് തെക്കേത്തലയുടെ പ്രവൃത്തിയെന്ന് കോടിയേരി പറഞ്ഞു. ജോസും കുടുംബവും നല്‍കിയ സ്ഥലത്ത് അനുയോജ്യമായ ഗൃഹനിര്‍മാണം പാര്‍ടി ഏറ്റെടുത്തു നടത്തും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീടില്ലാത്തവര്‍ക്കു നല്‍കാന്‍ 30 വീടുകളുടെ നിര്‍മാണം തുടരുകയാണ്. മറ്റു പാര്‍ടി കമ്മിറ്റികളും വ്യക്തികളും ഇത്തരം കാര്യങ്ങള്‍ മാതൃകയാക്കണമെന്നും കോടിയേരി പറഞ്ഞു. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍, ജനറല്‍ കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍, മന്ത്രി എ സി മൊയ്തീന്‍, സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍, ഒല്ലൂര്‍ ഏരിയ സെക്രട്ടറി കെ പി പോള്‍, ജോസ് തെക്കേത്തലയുടെ ഭാര്യ ജെസി ജോസ്, മകള്‍ അനീന ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തൃക്കൂര്‍ പഞ്ചായത്തില്‍ കല്ലൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 231/2 ലെ 20 സെന്റ് സ്ഥലമാണ് സംഭാവന ചെയ്തത്. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് ജോസ്. Read on deshabhimani.com

Related News