വീഡിയോ കോൺഫറൻസ് വഴി
വിവാഹ രജിസ്‌ട്രേഷൻ ; 
ചട്ടം ഭേദഗതി ചെയ്യും



ഇടുക്കി വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന്‌ തദ്ദേശഭരണമന്ത്രി എം ബി രാജേഷ്‌. ഇടുക്കിജില്ലാ തദ്ദേശ അദാലത്തിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.  ജനന–-മരണ–-വിവാഹ രജിസ്ട്രാറും ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറിയുമായ വി കെ ശ്രീകുമാർ നൽകിയ പരാതിയാണ്‌ പൊതുതീരുമാനത്തിലേക്ക്‌ നയിച്ചത്. പഞ്ചായത്തുകളിൽ വിവാഹ രജിസ്ട്രാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയായിരുന്നു പരാതി. 2019ൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുള്ളവർക്ക് വിവാഹ രജിസ്ട്രേഷന് ഓൺലൈനിൽ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നൽകിയിരുന്നു. ദമ്പതികളിൽ ഒരാളെങ്കിലും വിദേശത്താണെങ്കിൽ ഈ ഉത്തരവുപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നിലവിലുണ്ട്‌. നഗരസഭയിൽ കെ–സ്‌മാർട്ട് ഏർപ്പെടുത്തിയതോടെ ദമ്പതികൾക്ക് വീഡിയോ കെവൈസിയിലൂടെ എവിടെയിരുന്നും രജിസ്ട്രേഷൻ നടത്താൻ സൗകര്യമൊരുങ്ങി. എന്നാൽ പഞ്ചായത്തുകളിൽ ഈ സേവനം ലഭ്യമായിരുന്നില്ല. അയൽ സംസ്ഥാനങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്‌.  ഇനി സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാർക്ക് മുമ്പിൽ ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം. ഇതിനായി ചട്ടം ഭേദഗതിചെയ്യും. പഞ്ചായത്തുകളിൽ കെ–സ്‌മാർട്ട് വിന്യസിക്കുന്നതുവരെ ഈ സൗകര്യം തുടരും. കെ–സ്‌മാർട്ട് വിന്യസിക്കുമ്പോൾ വീഡിയോ കെവൈസിയിലൂടെ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങും. Read on deshabhimani.com

Related News