രാജേന്ദ്രപ്രസാദിന്റെ സ്മരണയ്‌ക്ക്‌ അങ്കണവാടിയായി, 
മീനാക്ഷി അമ്മയുടെ ആഗ്രഹംപോലെ



കളമശേരി അകാലത്തിൽ മരിച്ച മകന്റെ സ്മരണയ്ക്കായി അമ്മ കൈമാറിയ 3.40 സെന്റിൽ നിർമിച്ച സ്മാർട്ട് അങ്കണവാടി വ്യാഴാഴ്‌ച നാടിന്‌ സമർപ്പിക്കും. ഏലൂർ നഗരസഭ 23–--ാംവാർഡിൽ നിർമിച്ച അങ്കണവാടിയാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. പാലപ്പറമ്പിൽ മീനാക്ഷി അമ്മയാണ്‌ മകൻ രാജേന്ദ്രപ്രസാദിന്റെ സ്‌മരണയ്‌ക്ക്‌ അങ്കണവാടി നിർമിക്കാൻ സ്ഥലം വിട്ടുനൽകിയത്‌. നഗരസഭയിലെ 29 അങ്കണവാടികളിൽ 21നും സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നു. വാടകമുറികളിൽ പ്രവർത്തിക്കുന്ന എട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കാൻ ഭരണസമിതി പരിശ്രമിക്കുമ്പോഴാണ് സ്ഥലം സൗജന്യമായി നൽകാൻ മീനാക്ഷി അമ്മ മകൻ സന്തോഷ് മുഖേന നഗരസഭയെ സമീപിച്ചത്. മൂത്തമകൻ കേട്ടേത്ത് രാജേന്ദ്രപ്രസാദിന്റെ സ്മരണ നിലനിർത്താനാണ്‌ അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലം 2020ൽ കൈമാറിയത്. ലക്ഷങ്ങൾ വിലവരുന്ന സ്ഥലമാണ് ഉപാധികളില്ലാതെ നൽകിയത്. രേഖകൾ ശരിയാക്കുന്നതിലെ കാലതാമസംമൂലം നിർമാണം വൈകി. ഇതിനിടെ കഴിഞ്ഞ നവംബറിൽ മീനാക്ഷി അമ്മയും മരിച്ചു. നഗരസഭാ 30 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി കെട്ടിടം നിർമിച്ചത്. 870 ചതുരശ്രയടിയിൽ ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് അങ്കണവാടിയാണിത്‌. ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. വ്യാഴം പകൽ 11ന് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News