അപമാനിതനായി ; കോൺഗ്രസിൽ ഒറ്റുകാർ : തുറന്നടിച്ച് കെ മുരളീധരൻ
തിരുവനന്തപുരം പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് താൻ അപമാനിതനായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുരളീധരന്റെ തുറന്നുപറച്ചിൽ. സ്ഥാനാർഥി നിർണയത്തിൽ തന്നോട് ഒരുവാക്ക് പോലും ചോദിച്ചിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. ഞാൻ മത്സരിക്കണമെന്ന ആഗ്രഹമുള്ളതിനാലാണ് പാലക്കാട് ഡിസിസി കെപിസിസിക്ക് കത്ത് നൽകിയത്. മനസിൽ ചെറുപ്പമുള്ളവർക്കും മത്സരിക്കാമെന്ന് ഒരു നേതാവ് അഭിപ്രായപ്പെട്ടിരുന്നു. ഇതറിഞ്ഞ പ്രമുഖ നേതാവ് അദ്ദേഹത്തെ വിളിച്ചു. കെ മുരളീധരനെയല്ലേ ഉദ്ദേശിച്ചതെന്നും അയാളെന്തിനാണ് എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നതെന്നും ചോദിച്ചതറിഞ്ഞ് ഷോക്കായി. വടകരയിൽനിന്ന് തൃശൂരിലേക്ക് മാറ്റാൻ പങ്കുവഹിച്ച നേതാവായിരുന്നു ഇദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിലിനെയാണ് പാലക്കാട് ആലോചിക്കുന്നതെന്ന് ഒരു നേതാവ് ഫോണിൽ പറഞ്ഞു. മറ്റാരുടെയെങ്കിലും പേരുണ്ടോയെന്ന് ചോദിച്ചപ്പോൾ ‘മുരളിയേട്ടന്റെ പേരുമുണ്ട്, എന്നാൽ മത്സരിക്കേണ്ട എന്നാണ് അഭിപ്രായ’മെന്നും ആ നേതാവ് പറഞ്ഞു. എങ്കിൽ നിങ്ങൾ തീരുമാനിച്ചോളൂവെന്ന് പറഞ്ഞ് ഫോൺവച്ചു. മുതിർന്നൊരാൾ സ്ഥാനാർഥികണമെന്നായിരുന്നു ഡിസിസിയുടെ താൽപ്പര്യം. സിറ്റിങ് സീറ്റിൽ തോറ്റ രമ്യ ഹരിദാസിന് ചേലക്കര നൽകി. തൃശൂരിലേത് ക്ഷണിച്ചുവരുത്തിയ പരാജയമായിരുന്നു. രാഷ്ട്രീയത്തിൽ ഒറ്റുകാർ പതിവാണ്. കോൺഗ്രസിൽ പ്രത്യേകിച്ചും. തൃശൂരിലേക്ക് മാറ്റിയത് തോൽപ്പിക്കാനാണെന്ന് സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെന്ന് വിശേഷിപ്പിച്ച് മത്സരത്തിന് നിർബന്ധിച്ചവരാണിപ്പോൾ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നയാളെന്ന് ആക്ഷേപിക്കുന്നത്. തീരുമാനങ്ങൾ പലതും പത്രത്തിലൂടെയാണ് അറിയുന്നത്. നോമിനി രാഷ്ട്രീയം ശരിയല്ല. വട്ടിയൂർക്കാവിൽ രാജിവച്ചപ്പോൾ നോമിനിയെ നിർദേശിച്ചിരുന്നില്ല. കോന്നിവിട്ട അടൂർ പ്രകാശിന്റെ നോമിനിക്ക് സീറ്റ് നൽകിയില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയെന്ന് ആദ്യം പറഞ്ഞത് കെ സുധാകരനാണ്. അത് ശരിയായിരിക്കുമെന്നാണ് താൻ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാതിരിക്കാൻ മഹാത്മാഗാന്ധിയല്ല. എന്നാൽ, കിട്ടാത്ത കാര്യം ആഗ്രഹിച്ച് കുപ്പായമിട്ടിട്ട് കാര്യമില്ല. യുഡിഎഫിന് അധികാരം കിട്ടിയാൽ ചിലപ്പോൾ ഒരു മന്ത്രിയാക്കിയേക്കും. രാസവളം, കീടനാശിനി മന്ത്രിയാകുന്നതിലും നല്ലത് മാറിനിന്ന് കാണുന്നതാണ്. കെ കരുണാകരന്റെ കുടുംബത്തെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. ആട്ടും തുപ്പുമുണ്ടെന്ന് കരുതി പാർട്ടി വിടില്ല. അങ്ങനെ കേന്ദ്രമന്ത്രി ആയാലും ജനം പുച്ഛത്തോടെയാകും കാണുക. എന്ത് പ്രലോഭനമുണ്ടായാലും പത്മജയുടെ വഴി തേടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. Read on deshabhimani.com