പോസ്റ്റ്‌ ഓഫീസിൽ തിരിമറി: ജീവനക്കാരിക്ക്‌ സസ്‌പെൻഷൻ



  ശൂരനാട്  ശൂരനാട് വടക്ക് പാറക്കടവ്  സബ് പോസ്റ്റ്‌ ഓഫീസിൽ  ഫണ്ട് തിരിമറി. രണ്ടു ദിവസമായി പോസ്റ്റൽ വകുപ്പിലെ  ഉദ്യോഗസ്ഥർ പോസ്റ്റ്‌ ഓഫീസിൽ പരിശോധന തുടങ്ങി. പോസ്റ്റൽ വകുപ്പിന്റെ വിവിധ  നിക്ഷേപ പദ്ധതികളിൽ അടയ്‌ക്കേണ്ട പണം തിരിമറി നടത്തിയതായാണ് വിവരം. ഒരു ജീവനക്കാരിയെ സസ്‌പെൻഡ്‌ ചെയ്തു. നിക്ഷേപം അടയ്ക്കാൻ എത്തുന്നവരുടെ പാസ്ബുക്കും തുകയും വാങ്ങിയ ശേഷം ബുക്ക് പിന്നീട് നൽകാമെന്ന് പറഞ്ഞു മടക്കുകയാണ് പതിവ്. ഇത്തരത്തിൽ കിട്ടുന്ന പണം രേഖപ്പെടുത്താതെ തട്ടിപ്പുനടത്തുകയായിരുന്നു. ക്രമക്കേട് നടക്കുന്നതായി പത്തനംതിട്ട എംഒയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പോസ്റ്റ്‌ ഓഫീസിൽ പരിശോധന നടക്കുന്നതിനിടെ നിക്ഷേപത്തിനുള്ള പണവും ബുക്കും നൽകിയത് വാങ്ങാൻ പാറക്കടവ് സ്വദേശിനിയായ വീട്ടമ്മ എത്തിയതോടെയാണ് തിരിമറി പുറത്തായത്. വീട്ടമ്മ നൽകിയ 60, 000രൂപയും ബുക്കും പോസ്റ്റ് ഓഫീസിൽ ഇല്ലെന്ന് കണ്ടെത്തിയതോടെ ബഹളമായി. ബുധൻ രാവിലെ പത്തോളം പേർ പരാതിയുമായി പോസ്റ്റ്‌ ഓഫീസിലെത്തി. പോസ്റ്റ്‌ ഓഫീസിലെ ജിഡിഎസ് ജീവനക്കാരിയെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. യുവമോർച്ച നേതാവിന്റെ ഭാര്യയാണ്‌ യുവതി. നേതാവ്‌ ഇടപെട്ട് പരാതികൾ ഒതുക്കാനും പണം മടക്കി നൽകാനും നീക്കം തുടങ്ങിയിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് രസീതും പാസ്ബുക്കിൽ രേഖപ്പെടുത്തി സീൽചെയ്തും നൽകണമെന്നാണ് നിയമം. അടൂർ പോസ്റ്റൽ ഇൻസ്പെക്ടർ നേതൃത്വത്തിൽ ബുധനാഴ്ച പോസ്റ്റ് ഓഫീസിൽ പരിശോധന നടന്നു. Read on deshabhimani.com

Related News