കട്‌ലറ്റും കബാബും 
സ്വന്തം പ്ലാന്റിൽ

ശനിയാഴ്ച ഉദ്ഘാടനംചെയ്യുന്ന മൂല്യവർധിത ഇറച്ചി ഉൽപ്പന്ന സംസ്കരണ പ്ലാന്റ്


കൊല്ലം കട്‌ലറ്റും കബാബും സോസേജുമൊക്കെ ഇനി കൊല്ലത്തിന്റെ സ്വന്തം പ്ലാന്റിൽ. സംസ്ഥാന സർക്കാരിനു കീഴിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ഏരൂർ വിളക്കുപാറയിൽ ശനിയാഴ്ച ആരംഭിക്കുന്ന മൂല്യവർധിത ഇറച്ചി ഉൽപ്പന്ന സംസ്കരണ പ്ലാന്റിൽനിന്നാണ്‌ മലയാളിയുടെ ഭക്ഷണക്രമത്തിന്‌ പുത്തൻ രുചിക്കൂട്ടൊരുക്കുന്നത്‌. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ ഇടയാർ കൂത്താട്ടുകുളത്തെ ഹൈടെക്‌ സ്ലോട്ടർ ഹൗസിൽനിന്ന് ശീതീകരിച്ച കോഴിയിറച്ചിയും ആട്ടിറച്ചിയും റീഫർ വാനുകളിൽ വിളക്കുപാറയിലെ പ്ലാന്റിൽ എത്തിച്ചാണ്‌ ഉൽപ്പന്നങ്ങൾ ഒരുക്കുക.  ഒരു ദിവസം രണ്ട്‌ മെട്രിക്‌ ടൺ ഉൽപ്പന്നങ്ങൾ സംസ്‌കരിക്കാനുള്ള ശേഷിയാണ്‌ പ്ലാന്റിനുള്ളത്‌. 1,50,000 ലിറ്റർ വെള്ളം സംഭരിക്കാൻ സംവിധാനമുള്ള ഇവിടെ മലിനീകരണസാധ്യതയും പടിക്കുപുറത്താണ്‌. ഒരേക്കർ റവന്യു ഭൂമിയിലുള്ള പ്ലാന്റ്‌ നബാർഡിന്റെ റൂറൽ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ ഫണ്ടും സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടും ഉൾപ്പെടെ 15 കോടി രൂപ ചെലവിലാണ്‌ സ്ഥാപിച്ചത്.  ഇറ്റലി, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്‌ത യന്ത്രങ്ങളാണ്‌ പ്ലാന്റിന്റെ ഊർജം.   കൂറ്റൻ 
കോൾഡ് സ്റ്റോറേജ് ഇരുപത്തഞ്ചു ടൺ ഇറച്ചിവരെ സൂക്ഷിക്കാൻ ശേഷിയുള്ള കോൾഡ് സ്റ്റോറേജ് ഇവിടെയുണ്ട്. രണ്ടു ടൺ പച്ചക്കറിയും 50 ടൺ മൂല്യവർധിത ഉൽപ്പന്നങ്ങളും സൂക്ഷിക്കാം. 15000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മൂന്നുനില കെട്ടിടത്തിൽ ഗുണമേന്മ പരിശോധനാ ലബോറട്ടറി, ഗവേഷണവിഭാഗം, വെള്ളം ശുദ്ധീകരിക്കുന്ന ആർഒ പ്ലാന്റ്‌, അത്യാധുനിക മാലിന്യസംസ്കരണ പ്ലാന്റ്‌, മലിനജലം സംസ്കരിച്ചു പുനരുപയോഗിക്കാനുള്ള പ്ലാന്റ്‌ എന്നിവയും ഉണ്ട്‌.    വിപണനം മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ നിലവിലുള്ള ഏഴ്‌ ഔട്ട്‍ലെറ്റ്‌ വഴിയും 450 ഡീലർമാർ വഴിയുമാകും വിൽപ്പന. സിവിൽ സപ്ലൈസിന്റെ ആറ്‌ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളും പട്ടികയിലുണ്ട്. 300പേർക്ക്‌ തൊഴിലവസരവും സൃഷ്ടിക്കപ്പെടുമെന്ന്‌ മാനേജിങ് ഡയറക്ടർ എ എസ് ബിജുലാലും പി എസ്‌ സുപാൽ എംഎൽഎയും പറഞ്ഞു. Read on deshabhimani.com

Related News