വരവേറ്റ്‌ ഗാന്ധിജിയും അംബേദ്കറും

അയ്യൻകോയിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ചുവരിൽ വരച്ച ഗാന്ധിജിയുടെയും 
അംബേദ്‌കറിന്റെയും ചിത്രത്തിന്‌ സമീപം സജികുമാറും സ്വാതിയും


ചവറ അവധിക്കാലം കഴിഞ്ഞ് സ്കൂളിൽ എത്തിയ വിദ്യാർഥികൾ സ്കൂളിന്റെ ചുവരിന് മുന്നിലായി കൂട്ടം കൂടി നിൽക്കുകയാണ്. മഹാത്മാഗാന്ധിയും അംബേദ്കറും അബ്ദുൽ കലാമും വിദ്യാലയ ചുവരുകളിൽ ചിരിതൂകി നിൽക്കുന്നു. ഒപ്പം  ഇന്ത്യൻ പാർലമെന്റും ഭരണഘടനയുടെ ആമുഖ പേജും ഇടം പിടിച്ചിട്ടുണ്ട്. വർണ മനോഹരമായ ചിത്രങ്ങൾ ചുവരുകളിൽ ഒരുക്കി പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളെ വരവേൽക്കുകയാണ് അയ്യൻകോയിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ. ചുവരുകളിലെ മിഴിവാർന്ന ചിത്രങ്ങൾക്ക് പിന്നിൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി കോയിവിള പുത്തൻപുര കിഴക്കതിൽ സജിയുടെയും മഞ്ജുവിന്റെയും മകൾ സ്വാതി സജിയുടെ കുരുന്ന് വിരൽ സ്പർശമുണ്ടെന്ന് അറിഞ്ഞ കൂട്ടുകാരിലും വിസ്മയം വിരിഞ്ഞു. ചിത്രകാരൻ അപ്പാസ് എന്ന സജി കുമാറിനൊപ്പം മകളും കൂടിച്ചേര്‍ന്നാണ് ചുവർചിത്രം രചിച്ചത്. അധ്യാപകൻ വേളൂർ ബിജുവിന്റെ ആശയമാണ് മഹാന്മാരുടെയും ഭരണഘടനയുടെയും ചിത്രങ്ങൾ. 30അടി ഉയരവും ഏഴടി നീളവുമുള്ള ചിത്രം അഞ്ചുദിവസം കൊണ്ട് പൂർത്തീകരിച്ചു. ഇതേ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സജിയുടെ മകൻ ശബരി സജിയും ചിത്രകലയിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. സ്കൂൾ വളപ്പിൽ രാഷ്ട്രപിതാവിന്റെയും ഭരണഘടന ശിൽപ്പിയുടെയും അർധകായ പ്രതിമകൾ സ്ഥാപിക്കാനും തണൽമരച്ചുവടുകളിൽ കുട്ടികൾക്ക് ഇരിപ്പിടം ഒരുക്കാനും പദ്ധതിയുണ്ടെന്ന് പ്രിൻസിപ്പല്‍ പ്യാരി നന്ദിനി, പ്രഥമാധ്യാപികയായിരുന്ന ആശാ ജോസ്, എസ്എംസി ചെയർമാൻ ശിഹാബ് കാട്ടുകുളം, പിടിഎ പ്രസിഡന്റ് ജി ജയകുമാർ എന്നിവർ പറഞ്ഞു. സ്കൂളിലെ ചുവരുകളിൽ മനോഹര ചിത്രം വരച്ച സജികുമാറിനെയും സ്വാതിയെയും സ്കൂൾ അധികൃതർ ആദരിച്ചു. Read on deshabhimani.com

Related News