ഭൂഉടമകളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു നിവേദനം നൽകി
കടയ്ക്കൽ കൊല്ലം -–-ചെങ്കോട്ട (എൻഎച്ച് -744)ഗ്രീൻഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ടുള്ള ഭൂമിയേറ്റെടുക്കൽ നടപടികളിൽ ഭൂവുടമകളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര ഉപരിതലവകുപ്പ് സഹമന്ത്രി ഹർഷ് മൽഹോത്രയെ നേരിൽ കണ്ട് നിവേദനംനൽകി. കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് സെക്രട്ടറി വി ഉമാശങ്കറിനെയും നേരിൽകണ്ട മന്ത്രി വിവരങ്ങൾ ബോധ്യപ്പെടുത്തി. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് ലാൻഡ് അക്വിസിഷൻ മാനുവൽ 2018-ലെ പരാമർശ പ്രകാരം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള ഘടനകളുടെ മൂല്യനിർണയത്തിനിടയിൽ അവയുടെ കാലപ്പഴക്കം മൂലമുള്ള മൂല്യശോഷണം കണക്കാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ ഭൂമി ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ വരും. അതിനാൽ ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ ജംഗമങ്ങൾക്ക് കാലപ്പഴക്കം കണക്കിലെടുക്കാതെ മൂല്യനിർണയം നടത്തണമെന്ന് നിവേദത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി മന്ത്രി ചിഞ്ചുറാണിയുടെ ഓഫീസ് അറിയിച്ചു . Read on deshabhimani.com