6 മാസത്തിനുള്ളിൽ സമ്പൂർണ മാലിന്യമുക്തമാകും: മന്ത്രി എം ബി രാജേഷ്
കൊല്ലം കക്ഷിരാഷ്ട്രീയഭേദമില്ലാതെ ജനങ്ങളുടെ ഊർജവും ശേഷിയും ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര ശൂന്യമാലിന്യദിനമായ മാർച്ച് 30നകം സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്. ആശ്രാമം ചേക്കോട്ടുകടവിൽ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനും അഷ്ടമുടിക്കായലിനെ വീണ്ടെടുക്കാനായി നവീകരിച്ച 30 കടവും ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അസാധ്യമായ പലതിനെയും നേടിയെടുത്ത നാടാണ് കേരളം. 1987ൽ സമ്പൂർണ സാക്ഷര സംസ്ഥാനമായി മാറിയ ചരിത്രം കേരളത്തിനുണ്ട്. ജനങ്ങൾ ആസൂത്രകരായി മാറുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ ആവശ്യപ്പെടുന്ന പ്രവർത്തനരീതി. പരിസര ശുചിത്വം എന്നത് വ്യക്തിശുചിത്വം പോലെ ഓരോരുത്തരിലും നിക്ഷിപ്തമായ കടമയാണ്. ഏഴുപതിറ്റാണ്ടായി മാലിന്യം കെട്ടിക്കിടന്ന കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ മാലിന്യം നീക്കി ജമന്തിത്തോട്ടം ഒരുക്കിയതിന് കൊല്ലം കോർപറേഷനിലെ മേയറെയും ഡെപ്യൂട്ടി മേയറെയും ഭരണസമിതിയെയും മന്ത്രി അഭിനന്ദിച്ചു. അഷ്ടമുടിക്കായലിന്റെ പുനരുജ്ജീവനവും പരിപാലനവും ഓരോ പൗരനും മുൻകൈയെടുത്ത് നടത്തണമെന്നും മന്ത്രി പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. സുജിത് വിജയൻപിള്ള എംഎൽഎ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കോർപറേഷൻ സെക്രട്ടറി ആർ എസ് അനു, നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ എസ് ഐസക് എന്നിവർ സംസാരിച്ചു. Read on deshabhimani.com