ജലസ്രോതസ്സുകളെ വീണ്ടെടുക്കേണ്ടത് അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം പ്രാദേശിക ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊട്ടാരക്കര പുലമൺ തോട് പുനരുജ്ജീവന പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ജലസ്രോതസ്സുകളെ വീണ്ടെടുത്തില്ലെങ്കിൽ ബംഗളൂരു നഗരത്തില്‍ ഉണ്ടായതുപോലെ ജലക്ഷാമം കേരളത്തിലെ നഗരങ്ങളും അഭിമുഖീകരിക്കേണ്ടിവരും. കുട്ടമ്പേരൂർ പുഴ പൂർണമായും പുനരുജ്ജീവിപ്പിച്ചു. പമ്പ, അച്ചൻകോവിൽ നദികളെ ബന്ധിപ്പിക്കുന്ന കുട്ടമ്പേരൂർ പുഴ ബുധനൂർ, ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സാണ്. 2016ൽ എൽഡിഎഫ് സർക്കാർ വരുമ്പോൾ അവിടെ പുഴ ഉണ്ടായിരുന്നില്ല. 12 കിലോമീറ്ററുള്ള പുഴയിൽ നീരൊഴുക്ക് പാടേ നിലച്ചിരുന്നു. പുഴ വീണ്ടെടുത്ത മാതൃകാ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ ഇന്നവേഷൻസ് ഇൻ പബ്ലിക് സർവീസസിലെ ഡെവലപ്മെന്റ് ഇന്റർവെൻഷൻ അവാർഡ് ബുധനൂർ പഞ്ചായത്തിനാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്' പ്രഭാഷണത്തിലും കുട്ടമ്പേരൂർ പുഴ പരാമർശിച്ചു. 20വർഷമായി ഒഴുകാതെകിടന്ന ആദിപമ്പയെയും വരട്ടാറിനെയും പുനരുജ്ജീവിപ്പിച്ച് നാടിനുസമർപ്പിച്ചതും എൽഡിഎഫ് സർക്കാരാണ്. ഹരിത കേരളം മിഷനിലൂടെ 76, 689 നീർച്ചാലുകൾ വീണ്ടെടുത്തു. 3244 കുളം വൃത്തിയാക്കി. 4844 കുളവും 16,815 കിണറും നിർമിച്ചു. 8476 കിണര്‍ റീചാർജ് ചെയ്തു. സമഗ്രവും സുസ്ഥിരവുമായ വികസന മാതൃകയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. സോഹോ കോർപറേഷന്റെ സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിനും കൊട്ടാരക്കരയിൽ തുടക്കമായി. അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ജിആർ എയ്റ്റ് കൊട്ടാരക്കരയിൽ വർക്ക് നിയർ ഹോം സെന്റർ ആരംഭിച്ചു. മിനി ഐടി പാർക്കും ഇവിടെ പ്രവർത്തനമാരംഭിച്ചു. സർക്കാർ നഴ്സിങ് കോളേജും കെഎസ്ആർടിസി ഡിപ്പോ വികസനവും ഇവിടെ യാഥാർഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com