ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി ഉയരും



കൊട്ടാരക്കര  കൊട്ടാരക്കരയിലെ ഗവ. ആയുര്‍വേദ ആശുപത്രിയെ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയായി ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 30 കിടക്കകള്‍ സജ്ജീകരിക്കാന്‍ കഴിയുന്ന വിപുലമായ സൗകര്യങ്ങളോടു കൂടിയ നാലുനില കെട്ടിടത്തിന്റെ നിര്‍മാണത്തിനുള്ള കരാര്‍ നടപടികള്‍ ഈ മാസം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒമ്പതരക്കോടി രൂപ ചെലവിട്ട് 2012 ചതുരശ്ര മീറ്ററിലാണ് ആശുപത്രി കൊട്ടിടം നിര്‍മിക്കുന്നത്. ആയുര്‍വേദ ചികിത്സയ്ക്ക് പുറമേ സിദ്ധ, യോഗ, യുനാനി, നാച്വറോപ്പതി ചികിത്സാ സൗകര്യങ്ങളും ഇഷ്ടാനുസരണം തെരഞ്ഞെടുക്കത്തക്ക രൂപത്തിലാണ് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയായി ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം വിപുലീകരിക്കുന്നത്. തറനിരപ്പിന് താഴത്തെ നിലയില്‍ ആശുപത്രിയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കും.  ഒന്നാം നിലയില്‍ രോഗികള്‍ക്കും ഒപ്പമെത്തുന്നവര്‍ക്കുമുള്ള സൗകര്യങ്ങള്‍, മരുന്ന് സംഭരിക്കുന്നതിനും വിതരണംചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍, ലബോറട്ടറി, ഫിസിയോതെറാപ്പി മുറി, രജിസ്ട്രേഷന്‍ - കണ്‍സള്‍ട്ടിങ്‌ ഉള്‍പ്പടെ മുറികള്‍ ക്രമീകരിക്കും. രണ്ടാം നിലയില്‍ പേ-വാര്‍ഡും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വാര്‍ഡുകളും ഉള്‍പ്പെടെ ക്രമീകരിക്കും.  മൂന്നാം നിലയിലും പേ വാര്‍ഡ് സജ്ജീകരിക്കും. ആയുര്‍വേദത്തിലെയും മറ്റു ചികിത്സാ രീതികളിലെയും ചികിത്സാ സംവിധാനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളും ഈ നിലയിലൊരുക്കും.  Read on deshabhimani.com

Related News