ജില്ലയില്‍ പച്ചക്കറിക്കൃഷി വികസനത്തിന് സർക്കാർ 3.06 കോടി രൂപ അനുവദിച്ചു



കൊല്ലം ജില്ലയിലെ പച്ചക്കറിക്കൃഷിക്കായി പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3,06,02,416 രൂപ സർക്കാർ അനുവദിച്ചു. ഓണത്തിന് ആവശ്യമായ പഴം-, പച്ചക്കറി എന്നിവ ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യുകയാണ‌് ലക്ഷ്യം. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം 10 രൂപ വിലയുള്ള 4.5 ലക്ഷം വിത്ത് പാക്കറ്റുകൾ ജില്ലയിൽ വിതരണംചെയ്യും. ഇതിനായി 45 ലക്ഷം രൂപ വിനിയോഗിക്കും. കൃഷിവകുപ്പ് 10 ലക്ഷം പച്ചക്കറിത്തൈകൾ ജില്ലയിൽ സൗജന്യമായി വിതരണംചെയ്യും. വാണിജ്യാടിസ്ഥാനത്തിൽ  പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് ഹെക്ടർ വീതമുള്ള ക്ലസ്റ്ററുകൾ കൃഷിഭവൻ തലത്തിൽ രൂപീകരിച്ചു.  ജില്ലയിലെ 80 ക്ലസ്റ്ററുകളിൽ ഓരോന്നിനും 75,000 രൂപ വീതം ധനസഹായം നൽകും.  ഇവയ്ക്ക് രണ്ടു ഹെക്ടർവരെ അധിക സ്ഥലത്ത് കൃഷിചെയ്യുന്നതിന് ഒരു ഹെക്ടറിന് 15,000 രൂപ നിരക്കിൽ അധിക ധനസഹായവും നൽകും. ആകെ 40 ഹെക്ടർ കൃഷിക്കാണ് ധനസഹായം. പത്തുസെന്റിൽ കുറയാതെ കൃഷിചെയ്യുന്ന സ്‌കൂളുകൾക്കും സ്ഥാപനങ്ങൾക്കും 5000 രൂപ വീതം ധനസഹായം നൽകും. തെരഞ്ഞെടുത്ത അഞ്ച് സ്‌കൂളിന‌് പമ്പ്‌സെറ്റ് നൽകും. പ്രോജക്ടുകൾ സമർപ്പിക്കുന്ന സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും ധനസഹായം നൽകും.  ഇതിനായി 14 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.പച്ചക്കറി കർഷകർക്ക് പമ്പ്‌സെറ്റ്, സസ്യസംരക്ഷണ ഉപകരണം എന്നിവ 50 ശതമാനം സബ്‌സിഡി നിരക്കിൽ അനുവദിക്കും.  തരിശുസ്ഥലത്ത് കൃഷിയിറക്കുന്നതിന് ഈ സാമ്പത്തിക വർഷം ആകെ 35 ഹെക്ടർ സ്ഥലത്ത് ഹെക്ടർ ഒന്നിന് 30,000 രൂപ നിരക്കിൽ ധനസഹായം നൽകും.   മഴമറ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളവയ്ക്ക് പരമാവധി 75 ശതമാനം സബ്‌സിഡി നിരക്കിൽ 50,000 രൂപവരെ ധനസഹായം നൽകും. ഈ സാമ്പത്തിക വർഷം 70 മഴമറ യൂണിറ്റുകൾക്കാണ് സഹായം ലഭിക്കുക. കുറഞ്ഞ സ്ഥലത്ത് കണിക ജലസേചനത്തിനായി ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം സ്ഥാപിക്കുന്നതിന് ഒരു യൂണിറ്റിന് 7500 രൂപ അനുവദിക്കും.  പഞ്ചായത്തുകളിൽ പച്ചക്കറിത്തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് ചെറിയ പച്ചക്കറി നഴ്‌സറികൾ സ്ഥാപിക്കും. ഒരു ചതുരശ്ര മീറ്ററിന് 1400 രൂപ സബ്‌സിഡി നൽകും. പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് അഗത്തി, മുരിങ്ങ, കറിവേപ്പ്, പപ്പായ തുടങ്ങിയവയുടെ തൈകളടങ്ങിയ 100 രൂപ വില വരുന്ന 2000 കിറ്റ‌് 50 ശതമാനം സബ്‌സിഡിയോടെ വിതരണംചെയ്യും.   പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്ത് ഉൽപ്പാദിപ്പിച്ച് വിതരണംചെയ്യുന്നതിന് ഹെക്ടർ ഒന്നിന് 25,000 രൂപ സബ്‌സിഡി അനുവദിക്കും. ദീർഘകാല പച്ചക്കറി ഇനങ്ങളുടെ കൃഷിക്കായി ഹെക്ടറിന് 20,000 രൂപ സബ്‌സിഡി നൽകും. ഗുണഭോക്താക്കളാകാൻ താൽപ്പര്യമുളളവർ അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ അറിയിച്ചു. Read on deshabhimani.com

Related News