ഉറക്കം കെടുത്തി 
വ്യാജ കുറുവാസംഘം



ശാസ്താംകോട്ട  മുതുപിലാക്കാട് പടിഞ്ഞാറ് വ്യാജ കുറുവാസംഘം ഭീതി പടർത്തുന്നു. അശ്വതിമുക്ക്, ഊക്കൻമുക്ക്, പുന്നമൂട് പ്രദേശങ്ങളിലാണ് കുറുവാസംഘം എന്ന പേരിൽ ഒരുവിഭാഗം നാടിന്റെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രാത്രി 11.30നുശേഷം രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘങ്ങൾ വീടുകളുടെ മതിൽ ചാടിക്കടന്നശേഷം വാതിലിലും ജനലിലും അടിച്ച് ഭീതി പടർത്തുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം അശ്വതിമുക്കിലെ മൂന്നുവീട്ടിൽ സംഘം ഇത്തരത്തിൽ പരിഭ്രാന്തി ഉണ്ടാക്കി. വീട്ടുകാർ ഉറങ്ങാതിരുന്നതിനാൽ രണ്ടുപേർ ഓടുന്നതുകണ്ടെങ്കിലും മുഖം വ്യക്തമായില്ല. ഇതിനിടെ ഒരു വീട്ടിലെ വളർത്തു പൂച്ചയെ സംഘം കൊന്നത് ആളുകളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഊക്കൻമുക്കിലെ വീട്ടിൽനിന്ന് 40 റബർഷീറ്റ്‌ സംഘം മോഷ്ടിച്ചു. കൂടാതെ പല വീടുകളിലെയും ബൈക്കിൽനിന്ന് പെട്രോൾ മോഷ്ടിക്കുന്നതും പതിവായിട്ടുണ്ട്. കുറുവാസംഘം എന്ന വ്യാജേന പ്രാദേശികമായ മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും നടത്തുന്ന ഇത്തരം പ്രവൃത്തികൾ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളാണ് ഇത്തരം പ്രവർത്തനങ്ങൾക്കായി സംഘം തെരഞ്ഞെടുക്കുന്നത്. ഇതിനെതിരെ നാട്ടുകാർ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്ന് ശാസ്താംകോട്ട പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News