ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി; പ്രതിഷേധം ശക്തമാകുന്നു
എഴുകോൺ ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി തുടങ്ങുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. കരീപ്ര തളവൂർക്കോണത്താണ് ഫാക്ടറി തുടങ്ങാൻ ശ്രമിക്കുന്നത്. ജില്ലയിലെ പ്രധാന നെല്ല് ഉൽപ്പാദന കേന്ദ്രമായ പാട്ടുപുരയ്‌ക്കൽ ഏലായോട് ചേർന്നാണ് ഫാക്ടറി നിർമാണം. പ്രദേശത്തെ പ്രധാന ജലസ്രോതസായ രാജീവ്‌ഗാന്ധി കുടിവെള്ള പദ്ധതിയുടെ കിണറും ഫാക്ടറിയും തമ്മിൽ രണ്ട് മീറ്റർ അകലം പോലുമില്ല. കൃഷിയ്ക്കും കന്നുകാലികളെ കുളിപ്പിക്കുന്നതിനുമുള്ള കുളവുമുണ്ട്. പാടത്തേക്ക് പോകുന്നതിന് നിർമിച്ച ട്രാക്ടർ പാസ്സേജുണ്ട്. ഈ പാസ്സേജിന് അടിയിലൂടെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കടന്നുപോകുന്നു. വയോജനങ്ങൾക്കായി പഞ്ചായത്ത് നിർമിച്ച പകൽവീടും അങ്കണവാടിയും മൃഗാശുപത്രി സബ് സെന്ററും ഫാക്ടറി നിർമാണ സ്ഥലത്തിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ജനങ്ങൾ തിങ്ങിപ്പാക്കുന്ന പ്രദേശത്ത് പ്ലൈവുഡ് ഫാക്ടറി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ചു. ജനങ്ങൾക്ക് ഹാനികരമായ ഫാക്ടറിക്ക് അനുമതി നൽകില്ലെന്ന് കരീപ്ര പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. വിവിധ രാഷ്ട്രീയ പാർടി നേതാക്കൾ കഴിഞ്ഞദിവസം ഫാക്ടറി നിർമിക്കാൻപോകുന്ന സ്ഥലം സന്ദർശിച്ച് സമരക്കാർക്ക് പിന്തുണ നൽകി. Read on deshabhimani.com