ഉയരങ്ങൾ താണ്ടാൻ ജോമോൻ

ജോമോൻ


  കൊല്ലം ‘ഹൈജംബിൽ 185 സെന്റിമീറ്ററിനു മുകളിലുള്ളവരെയാണ്‌ കൂടുതലും പരിഗണിക്കുന്നത്. എന്നാല്‍, ഈ രംഗത്തെ തന്റെ മുന്നേറ്റം പരിശോധിക്കുമ്പോൾ എവിടെയും പ്രോത്സാഹനം മാത്രമാണ്‌ ലഭിക്കുന്നത്‌.’–- ശൂരനാട്‌ സ്വദേശിയും കൊല്ലം ടികെഎം ആർട്‌സ്‌ ആന്‍ഡ് സയൻസ്‌ കോളേജ്‌ വിദ്യാർഥിയുമായ ജോമോന്‍ ജോയിയുടെ വാക്കുകളാണിത്‌. 178 സെന്റിമീറ്റർ ഉയരമുള്ള ജോമോന്‍ ആരെയും അതിശയിപ്പിക്കുന്ന തരത്തിലാണ് ഹൈജംബില്‍ തന്റെ കുതിപ്പ് അടയാളപ്പെടുത്തുന്നത്.  ബാസ്‌കറ്റ്‌ ബോളിലാണ്‌ തുടക്കം. പതാരം എസ്‌എംഎച്ച്‌എസ്‌എസിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ ബാസ്‌കറ്റ്‌ ബോളിൽ കമ്പമുണ്ടായത്‌. കായികാധ്യാപകൻ സ്റ്റാലിന്റെ പ്രോത്സാഹനം കരുത്തായി. ഒമ്പതിൽ പഠിക്കവെ ഇടുക്കിയിൽ നടന്ന ബാസ്‌കറ്റ്‌ ബോൾ സംസ്ഥാന മീറ്റിൽ പങ്കെടുത്തു. തുടർന്ന്‌ അധ്യാപകരുടെ നിർദേശപ്രകാരം ഹൈജംബിലേക്കുള്ള ചുവടുമാറ്റം പിഴച്ചില്ല. 2019 –-20ൽ കൊല്ലം ലാൽബഹാദൂർ സ്റ്റേഡിയത്തിൽ ഹൈജംബ്‌ ജില്ലാ മത്സരത്തിൽ പങ്കെടുത്ത്‌ വിജയിച്ചതോടെ തന്റെ മേഖല സ്‌പോർട്‌സ്‌ ആണെന്ന്‌ പത്താംക്ലാസുകാരൻ മനസ്സിൽകുറിച്ചിട്ടു. 2021ലെ ട്രയലിൽ ജോമോന്‌ കൊല്ലം സായിയിലേക്ക്‌ സെലക്‌ഷന്‍ ലഭിച്ചു. അതോടെ സായിയുടെ ഭാഗമാകുകയും പ്ലസ്‌ ടു പഠനം കൊല്ലം ക്രിസ്‌തുരാജ്‌ സ്‌കൂളിലുമായി.  ടികെഎം കോളേജിൽ ചേർന്നതോടെ ഉയരങ്ങളിലേക്കുള്ള ജോമോന്റെ ജൈത്രയാത്രയ്ക്ക്‌ വേഗമേറി. തിരുവനന്തപുരത്ത്‌ ഇന്റർ കോളേജ്‌ അത്‌ലറ്റ്‌ മീറ്റിൽ കേരള യൂണിവേഴ്‌സിറ്റിക്കുവേണ്ടി ജോമോൻ നേടിയത്‌ മൂന്ന്‌ സ്വർണമെഡൽ. ലോങ്ജംബ്, ഹൈജംബ്‌, 4 X 100 മീറ്റർ റിലേ എന്നിവയിൽ ഒന്നാമനായി ബെസ്‌റ്റ്‌ അത്‌ലറ്റായും തെരഞ്ഞെടുക്കപ്പെട്ടു. 2023 ഡിസംബറിൽ ചെന്നൈയിൽ നടന്ന സൗത്ത്‌ സോൺ ഇന്റർ യൂണിവേഴ്‌സിറ്റി മീറ്റിലും ഹൈജംബിൽ (2.11മീറ്റർ) ജോമോനെ കാത്തിരുന്നത്‌ സ്വർണമെഡൽ. ഡിസംബറിൽ ചെന്നൈയിലെ ഇതേ ട്രാക്കിൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി മീറ്റിൽ സിൽവർ മെഡലും (2.06 മീറ്റർ)നേടി. ഈ വർഷം ജനുവരിയിൽ ആസാമിലെ ഗുവാഹത്തിയിൽ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഗോൾഡ്‌ മെഡലും അണിഞ്ഞു. ഈവർഷം മെയിൽ സീനിയർ സ്റ്റേറ്റ്‌ അത്‌ലറ്റിക്‌ മീറ്റിൽ ഹൈജംബിൽ സിൽവർ നേടി. ജൂണിൽ ഹരിയാനയിൽ നാഷണൽ മത്സരത്തിൽ കേരളത്തിനുവേണ്ടി പങ്കെടുത്തു. ഈ നേട്ടങ്ങൾക്ക്‌ സായിയിലെ കോച്ചായിരുന്ന രജീഷ്‌കുമാർ, ടികെഎം കോളേജ്‌ ഫിസിക്കൽ എഡ്യൂക്കേഷൻ എച്ച്‌ഒഡി അബ്‌ദുൾ റഫീക്ക്‌ എന്നിവരുടെ പ്രചോദനം കരുത്തായെന്ന്‌ ജോമോൻ പറഞ്ഞു. ശൂരനാട്‌ തെക്ക്‌ കക്കാകുന്ന്‌ ജോമോൻ ഭവനിൽ ജോയിക്കുട്ടിയുടെയും -കുഞ്ഞുമോന്റെയും ഏക മകനാണ് ജോമോൻ. ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാംവർഷ വിദ്യാർഥിയാണ്‌. Read on deshabhimani.com

Related News