പൂജ ബമ്പർ 12 കോടി കൊല്ലത്തെ ടിക്കറ്റിന്
കൊല്ലം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ ഒന്നാം സമ്മാനം 12 കോടി കൊല്ലത്തെ ഏജൻസിയിൽനിന്ന് വിറ്റ ടിക്കറ്റിന്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്‌ക്കു സമീപത്തെ ജയകുമാർ ലോട്ടറീസിൽനിന്ന് സബ് ഏജന്റിനു നൽകിയ ജെസി 325526 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കായംകുളത്തെ സബ് ഏജന്റ് ദിനേശ് കുമാറാണ് ടിക്കറ്റ് വിറ്റത്. സമ്മാനാർഹനെ ഇനിയും കണ്ടെത്താനായിട്ടില്ല. നവംബർ 22നാണ് സമ്മാനാർഹമായ സീരീസിലെ 10 ടിക്കറ്റ് ജയകുമാർ ലോട്ടറീസിൽനിന്ന് ദിനേശ് കുമാർ വാങ്ങിയത്. ഒരു ലക്ഷത്തിൽപരം പൂജ ബമ്പർ ടിക്കറ്റ് വിവിധ ഏജൻസികളിലൂടെ വിറ്റതായി ജയകുമാർ ലോട്ടറി ഏജൻസി ഉടമകളായ ജെ ജയകുമാറും സഹോദരൻ ജെ വിജയകുമാറും പറഞ്ഞു. കഴിഞ്ഞ ഓണം ബമ്പർ 20പേർക്കുള്ള രണ്ടാം സമ്മാനത്തിൽ മൂന്നെണ്ണം ജയകുമാർ ലോട്ടറീസിൽനിന്ന് വിറ്റ ടിക്കറ്റിനായിരുന്നു. ഒരു കോടി രൂപ വീതമായിരുന്നു സമ്മാനത്തുക. ഒന്നാം സമ്മാനം കമീഷനും നികുതിയും കഴിഞ്ഞ് ആറുകോടിയോളം രൂപ ലഭിക്കും. ഏജന്റിന് സമ്മാനത്തുകയുടെ 15 ശതമാനമാണ് കമീഷൻ. പൂജ ബമ്പർ 45 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. അതിൽ 39 ലക്ഷം ടിക്കറ്റ് വിറ്റു. Read on deshabhimani.com