നിർമാണരംഗത്ത്‌ നൂതനാശയ ധവളപത്രം തയ്യാറാക്കും



കൊല്ലം കാലാവസ്ഥാവ്യതിയാനത്തെ അതിജീവിച്ച്‌ പരിസ്ഥിതിശോഷണം കുറയ്‌ക്കാനും നിർമാണരംഗത്ത്‌ നൂതന ആശയങ്ങൾ രൂപപ്പെടുത്താനും അന്താരാഷ്ട്ര കോൺക്ലേവ്‌. ചവറയിൽ വ്യാഴാഴ്‌ച ആരംഭിക്കുന്ന യുഎൽ അന്താരാഷ്ട്ര സുസ്ഥിരവികസന കോൺക്ലേവിലൂടെ രൂപപ്പെടുന്ന ആശയങ്ങൾ ഉൾക്കൊള്ളിച്ച്‌ സംസ്ഥാന സർക്കാരിന് ധവളപത്രം സമർപ്പിക്കും. രാവിലെ 10ന്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ്‌ ഉദ്ഘാടനംചെയ്യും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്ട് കോ- –-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ്‌ മൂന്നുദിവസത്തെ കോൺക്ലേവ്‌. നാലു പാനൽ ചർച്ചകൾ, ഏഴ് ടെക്നിക്കൽ സെഷൻ, സ്കിൽ സംബന്ധിച്ച പാരലൽ സെഷനുകൾ എന്നിവ ഉണ്ടാകും. സുസ്ഥിര നിർമാണമേഖലയ്‌ക്കായി ലോകരാജ്യങ്ങളിൽ ലഭ്യമായ നൂതന സങ്കേതിക വിദ്യകളും പ്രകൃതിസൗഹൃദ നിർമാണവസ്തുക്കളും കേരളത്തിലെ നിർമാണമേഖലയിലും ലഭ്യമാക്കേണ്ടതുണ്ട്. ഇവ പ്രായോഗികമായി നടപ്പാക്കാൻ നയരൂപീകരണവും ആവശ്യമാണ്.  അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കിഫ്ബി, സിഎസ്ഐആർ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, ഐഐടി മദ്രാസ്, ഐഐടി പാലക്കാട്, എൻഐടി കോഴിക്കോട്‌, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി, നിക്മർ യൂണിവേഴ്സിറ്റി, റിക്‌സ എന്നീ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഗവേഷകശാസ്ത്രജ്ഞരും നയരൂപീകരണ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും കോൺക്ലേവിന്റെ ഭാഗമാകും. നിർമാണമേഖലയിൽ റോഡ്, പാലം, കെട്ടിടം എന്നിങ്ങനെ വേർതിരിച്ച് ആ രംഗത്ത് സാങ്കേതികമേഖലയിലും സാമ്പത്തിക മേഖലയിലും പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്‌. Read on deshabhimani.com

Related News