അഭിനയക്കരുത്തിന്റെ 
മുരളിയില്ലാത്ത ഒന്നരപ്പതിറ്റാണ്ട്



എഴുകോൺ അഭ്രപാളികളിലെ നടന വിസ്മയം ഭരത് മുരളി ഓർമയായിട്ട് ഒന്നര പതിറ്റാണ്ട് പൂർത്തിയാകുന്നു. ചലച്ചിത്ര, -നാടക നടനായും സംഗീത നാടക അക്കാദമി ചെയർമാനായും കൈരളി ടിവി ഭരണസമിതി അംഗമായും പ്രവർത്തിച്ച് തൊട്ടതെല്ലാം പൊന്നാക്കിയ മുരളി മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. പി കൃഷ്ണപിള്ളയുടെയും കെ ദേവകിയമ്മയുടെയും മൂത്തമകനായി കൊല്ലം ജില്ലയിലെ കുടവട്ടൂരിലാണ് മുരളി ജനിച്ചത്. ശാസ്താംകോട്ട ഡിബി കോളേജിലെ പഠനകാലത്ത് നാടകാചാര്യൻ ജി ശങ്കരപിള്ളയുമായി അടുത്തു. തിരുവനന്തപുരത്തെ ജോലി ജീവിതം കടമ്മനിട്ടയും ഡി വിനയചന്ദ്രനും അയ്യപ്പനും ഉൾപ്പെട്ട കവി സൗഹൃദങ്ങളുടെ വലയത്തിൽ. ഈ കൂട്ടായ്മ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം നാടക സമിതിയിലേക്കുള്ള വാതിൽ തുറന്നു. മുരളിയിലെ നാ‍ടകനടനെ നാട്യഗൃഹം കൂടുതൽ പരുവപ്പെടുത്തി. നാട്യഗൃഹം അരങ്ങിലെത്തിച്ച ‘മഴ’യാണ് മുരളിയുടെ ആദ്യ പ്രൊഫഷണൽ നാടകം. എം എ ബേബിയും നരേന്ദ്രപ്രസാദും അലിയാരും കൊച്ചുനാരായണനും ഉൾപ്പെടെയുള്ള നിരവധി സൗഹൃദങ്ങളും കവിക്കൂട്ടങ്ങളും നാടകവുമൊക്കെയായി അനന്തപുരിയിലെ ജീവിതം ലയിച്ചു. ഈ ഘട്ടത്തിലാണ് ഭരത് ഗോപിയുടെ ഞാറ്റടി എന്ന സിനിമയിലേക്ക് ക്ഷണമുണ്ടാകുന്നത്. പിന്നീട് അരവിന്ദന്റെ ചിദംബരം ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ എന്നീ സിനിമകളിലും അഭിനയിച്ചു. എന്നാൽ, ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം പുറത്തിറങ്ങിയത്. തുടർന്ന് മുരളിയുടെ കൈയൊപ്പ് പതിഞ്ഞ 155 സിനിമകളാണ് മലയാളത്തിൽ പിറന്നത്. ഇഴയടുപ്പമുള്ള അഭിനയ മികവ് കാഴ്ചവച്ച നെയ്ത്തുകാരനിലെ കഥാപാത്രം ദേശീയ അവാർഡിന് അർഹനാക്കി. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നാലു തവണയും സഹനടനുള്ള പുരസ്‌കാരം രണ്ടുതവണയും മുരളിയെ തേടിയെത്തി. തെലുങ്കിൽ ഒന്നും തമിഴിൽ ഒമ്പതും ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. എക്കാലവും ഇടതു സഹയാത്രികനായ മുരളി 1999ൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് നേടിയ ‘അഭിനേതാവും ആശാന്റെ കവിതയും', ‘അഭിനയത്തിന്റെ രസതന്ത്രം' തുടങ്ങിയ നിരവധി പുസ്തകങ്ങളും മുരളി എഴുതി. 2009 ആഗസ്ത് ആറിന് മലയാളത്തിന്റെ പ്രിയനടനെ മരണം കവർന്നെങ്കിലും മലയാളി മനസ്സിലിപ്പോഴും മുരളിയുണ്ട്. Read on deshabhimani.com

Related News