ആലപ്പാട് സുനാമി മോക്ഡ്രില്‍
കരുനാഗപ്പള്ളി സുനാമി അവബോധ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിൽ സുനാമി മോക്ഡ്രിൽ സംഘടിപ്പിച്ചു. സുനാമി ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെല്ലാം ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചു. കലക്ടർ എൻ ദേവിദാസ് കലക്ടറേറ്റ് കൺട്രോൾ റൂമിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ റിക്ടർ സ്‌കെയിലിൽ 8.8തീവ്രതയിൽ ഭൂകമ്പം ഉണ്ടായിയെന്ന അറിയിപ്പ് രാവിലെ 9.30ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണകേന്ദ്രം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പിൽ നൽകിയതോടെയാണ് മോക്ഡ്രിൽ ആരംഭിച്ചത്. പത്തോടെ കേരള തീരത്ത് സുനാമി മുന്നറിയിപ്പ് വന്നു. ഇതോടെ ദുരന്തനിവാരണ അതോറിറ്റി, പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ ആലപ്പാട് തീരദേശ മേഖലയിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ആലപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ 196കുടുംബങ്ങളിലെ രണ്ട് കിടപ്പുരോഗികൾ ഉൾപ്പെടെ 1005 ആളുകളെ സമീപത്തെ ആർസി ഇമ്മാനുവൽ എൽപി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. മോക്ഡ്രില്ലിന് ആവശ്യമായ സാങ്കേതിക സഹായം നൽകിയത് അമൃത സ്‌കൂൾ ഫോർ സസ്റ്റെയിനബിൽ ഫ്യൂച്ചർ എന്ന സ്ഥാപനമാണ്. യുനെസ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രാഫിക് കമീഷൻ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, റവന്യു, പൊലീസ്, അഗ്നിരക്ഷാസേന, ഫിഷറീസ്, ആരോഗ്യം, തദ്ദേശസ്ഥാപനം, മോട്ടോർ വാഹനവകുപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ദുരന്തനിവാരണ അവലോകന യോഗത്തിൽ എഡിഎം ജി നിർമൽകുമാർ, സബ്കലക്ടർ നിഷാന്ത് സിൻഹാര, യുനസ്‌കോ പ്രതിനിധി നിഗ്മ ഫിർദൗസ്, കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, ഡെപ്യൂട്ടി ഡിഎംഒ വീണ, ജില്ലാ ദുരന്തനിവാരണ അനലിസ്റ്റ് പ്രേം ജി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com