ചായക്കട രാഷ്ട്രീയത്തിന്റെ നെടുംതൂൺ

മുരളിയണ്ണന്റെ തട്ടുചായക്കടയിൽ ചായകുടിക്കാനെത്തിയവർ ദേശാഭിമാനി വായിക്കുന്നു


    കുന്നിക്കോട്  വിളക്കുടി മുറിഞ്ഞകലുങ്ങിലെ മുരളിയണ്ണന്റെ തട്ടുചായക്കട പുലർച്ചെ നാലിന്‌ തുറക്കും. ആറോടെ ചൂട്‌ ചായയും കട്ടനും കുടിക്കാൻ സമീപവാസികളായ സുരയും കുഞ്ഞുമോനും രാജുവും ജോയിയും ഷാജൻ മാത്യു സ്‌കറിയയും എത്തും. അപ്പോഴേക്കും പത്രം ഏജന്റ്‌ ബാലമുരുകൻ ദേശാഭിമാനി എത്തിക്കും. ചായയും കട്ടനും അടിച്ച്‌ ദേശാഭിമാനിയും വായിച്ച്‌ ചായക്കടയിലെ രാഷ്ട്രീയ ചർച്ച തുടങ്ങും.  രാഷ്ട്രീയ സംഭവവികാസങ്ങളും നിലപാടുകളും പത്രവായന നടത്തുന്ന ഗ്രാമീണരിൽനിന്ന് ചർച്ചകളായും വിവരണങ്ങളായും വരുന്നത് കേട്ടുനിൽക്കുന്നവരും ചായക്കട പരിസരത്തെ പതിവുകാഴ്ച. പുനലൂർ പേപ്പർമിൽ തൊഴിലാളിയായിരുന്ന മുരളീധരൻപിള്ള ഇടതുപക്ഷ അനുഭാവിയാണ്‌. മിൽ അടച്ചതോടെയാണ് ജീവനമാർഗമായി മഞ്ഞമൺകാലയിലെ മുറിഞ്ഞകലുങ്ങിനു സമീപം സഹോദരനൊപ്പം ചായക്കട തുടങ്ങിയത്. അന്ന്‌ തുടങ്ങിയതാണ് ദേശാഭിമാനിയുമായുള്ള ബന്ധം. ചൂട് ചായ കുടിക്കുന്നതിനൊപ്പം പത്രവായനയ്ക്കും സൗകര്യമൊരുക്കിയാണ് മുരളിയണ്ണന്റെ ചായക്കട പകൽ പത്തുവരെ പ്രവർത്തിക്കുന്നത്‌. പുലർച്ചെ സവാരി ചെയ്യുന്ന ഓട്ടോയാത്രക്കാരും നിർമാണത്തൊഴിലാളികളും അടക്കമുള്ള പതിവുകാർ പത്രവായനയും ലക്ഷ്യമിട്ടാണ്‌ ചായക്കടയിൽ എത്തുന്നത്‌. ഒമ്പതോടെ കൂട്ടമായി എത്തിച്ചേരുന്ന സൗഹൃദസംഘത്തിന്റെ പത്രവായനയ്ക്കിടെ രാഷ്ട്രീയചർച്ചയും തർക്കവും പതിവ്‌. മുനിസിപ്പൽ കൗൺസിലറും സിപിഐ എം ലോക്കൽ കമ്മിറ്റിഅംഗവുമായ ജി രഞ്ജിത്തും ചായക്കടയിലെ സ്ഥിരസാന്നിധ്യമാണ്‌. ദിവസവും ഏഴുപതോളം പേർ ഇവിടെയെത്തി ചായകുടിച്ച്‌  ദേശാഭിമാനി വായിക്കുന്നുണ്ടെന്ന്‌  മുരളിയണ്ണൻ പറഞ്ഞു.  Read on deshabhimani.com

Related News