ഓടിക്കൊണ്ടിരിക്കെ ബസ്‌ കത്തി



  പുനലൂർ  ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. പുറകെയെത്തിയ വാഹനത്തിൽ ഉണ്ടായിരുന്നവർ തീ കണ്ട് ബസ് നിർത്തിച്ച്‌ പ്രദേശവാസികളുടെ സഹകരണത്തോടെ യാത്രക്കാരെ പുറത്തിറക്കി. എൻജിൻ ഭാഗത്തെ ഡീസൽ ചോർച്ചയാണ് തീ പടരാൻ കാരണമെന്ന്‌ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ബസിന്റെ പിറകിൽ വാഹനത്തിൽ എത്തിയവരുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.  തിങ്കൾ പകൽ 2.30ന് പുനലൂർ–- പത്തനാപുരം പാതയിൽ നെല്ലിപ്പള്ളിയിൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപമാണ് ബസിന് തീപിടിച്ചത്. കായംകുളം ഡിപ്പോയിൽനിന്നു പുനലൂരിൽ എത്തിയ ബസ് 2.25നാണ് ഡിപ്പോയിൽനിന്നു യാത്ര ആരംഭിക്കുന്നത്. ഒന്നരക്കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ബസിന്റെ മുൻവശത്ത്‌ തീ ഉയർന്നു. പിറകിൽ വാഹനത്തിലെത്തിയവർ ബസ്‌ തടഞ്ഞുനിർത്തി. ബസിന്റെ അടിവശത്ത്‌ വലിയതോതിൽ തീയും പുകയുംകണ്ടു. പുനലൂർ അഗ്നിരക്ഷാസേനയെത്തി തീ കെടുത്തി. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കായംകുളം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.    Read on deshabhimani.com

Related News