മാലിന്യശേഖരണത്തിന്റെ പേരിൽ വ്യാജ പിരിവ്: രണ്ടുപേർ അറസ്റ്റിൽ



ഓയൂർ ജൈവമാലിന്യം ശേഖരിക്കുന്നതിന് ബക്കറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ പേരിൽ വ്യാജപ്പിരിവ് നടത്തിയ രണ്ടുപേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ്‌ചെയ്തു. പള്ളിക്കൽ കെ കെ കോണം ഇളമ്പക്കോട് കോണത്ത് വീട്ടിൽ അൽ അമീൻ (44),  നിലമേൽ ചേറാട്ടുകുഴി വടക്കതിൽ വീട്ടിൽ മൻഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. വെളിനല്ലൂർ പഞ്ചായത്തിലെ റോഡുവിള ചന്തയിൽ ശുചിത്വ മിഷന്റെ പേരിൽ ബക്കറ്റ് സ്ഥാപിക്കാനെന്ന പേരിൽ പണപ്പിരിവ് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.  ചന്തയ്ക്കു സമീപം പ്രവർത്തിക്കുന്ന കടകളിൽ എത്തിയ ഇവർ ബക്കറ്റ് സ്ഥാപിക്കുന്നതിന് പണം നൽകണമെന്നും സ്ഥാപിച്ചില്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരുമെന്നും വ്യാപാരികളോട് പറഞ്ഞു. മൂന്ന് ബക്കറ്റിന് 1500 രൂപയാകുമെന്നും രണ്ടു ഗഡുക്കളായി പൈസ അട ച്ചാൽ മതിയെന്നും പറഞ്ഞതോടെ ആദ്യ ​ഗഡുവായി രണ്ട് വ്യാപാരികൾ 700 രൂപവീതം നൽകി. പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനോട് ഇക്കാര്യം അന്വേഷിച്ചു. പണപ്പിരിവിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് പ്രസിഡന്റ് അറിയിച്ചതോടെ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൂയപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു.  ചോദ്യംചെയ്യലിൽ മറ്റു പല സ്ഥലങ്ങളിലും പിരിവ് നടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News