ചാറ്റുപാട്ടുകളുടെ കാവലാളുകൾ



  കടയ്ക്കൽ ഒരു ജനതയുടെ ആത്മാവ് നിലനിൽക്കുന്നത് അവരുടെ സംഗീതത്തിലാണെന്നാണ് പഴമൊഴി. തലമുറകളിൽനിന്ന് തലമുറകളിലേക്ക് വാമൊഴിയായി പകർന്നുവന്ന ചാറ്റുപാട്ടിൽ തിരുവനന്തപുരം, കൊല്ലം ജില്ലയിലെ ഗോത്രവിഭാഗമായ കാണിക്കാരുടെ ജീവിതവും ചരിത്രവും ഉൾച്ചേർത്തിരിക്കുന്നു. തിരുവനന്തപുരം പോട്ടോമാവ്, പൊടിയക്കാല, മൊട്ടമൂട്, ആറ്റുമണ്‍പുറം, പെരുംകൈത, മേലാംകോട് കൊല്ലം ജില്ലയിലെ അരിപ്പൽ, ഇടപ്പണ, വഞ്ചിയോട്, കടമാൻകോട്, കുഴവിയോട്, ആര്യങ്കാവ് തുടങ്ങിയ ഇടങ്ങളിലാണ് കാണിക്കാരുള്ളത്‌. ഇവരുടെ ഇടയിലാണ് ചാറ്റുപാട്ടുകൾ രൂപം കൊണ്ടത്‌. ചാറ്റ് എന്ന പദത്തിനു ശുദ്ധിയാക്കൽ, ശുദ്ധികർമം ചെയ്യൽ എന്നൊക്കെയാണ് അർഥം. പരദേവത പ്രീതിക്കും മറ്റും വേണ്ടി കാണിക്കാർ നടത്തുന്ന ഒരു ചടങ്ങാണ്‌ ചാറ്റ്‌. ചാറ്റു നടത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന പാട്ടാണ് ചാറ്റുപാട്ട്.  പിണിച്ചാറ്റ്, തുടിച്ചാറ്റ്, നായാട്ടുചാറ്റ്, രാശിവെട്ടിച്ചാറ്റ്, മണ്ണഴിച്ചുചാറ്റ്, കരിങ്കാളിച്ചാറ്റ്, വലകെട്ടിച്ചാറ്റ്, കൊടുതിച്ചാറ്റ് തുടങ്ങി പല തരത്തിലുള്ള ചാറ്റുകളുണ്ട്. ഈണവും അവ്യക്തതയും കണക്കിലെടുത്ത് ചാറ്റിനെ പ്രധാനമായും രണ്ടായി തിരിക്കുന്നുണ്ട്. പേച്ച് കൂടിയത് വടക്കൻ മൊഴിയെന്നും പേച്ച് കുറഞ്ഞതിനെ തെക്കൻ മൊഴിയെന്നുമാണ്‌ പറയുക. ഓരോ ആവശ്യത്തിനും വ്യത്യസ്ത ചാറ്റുകളാണ്. നടത്തുന്ന രീതി, ചൊല്ലുന്ന രീതി, കൊക്കരയുടെ താളം എന്നിവ ഓരോന്നിനും വ്യത്യസ്തമായിരിക്കും. പ്ലാത്തി (മന്ത്രവാദി) രണ്ടുവരി വീതം മനഃപാഠമായി പാടുകയും രണ്ടുപേരടങ്ങുന്ന പിൻപാട്ടുകാർ ഏറ്റു പാടുകയും ചെയ്യും. ചാറ്റുപാട്ടിന് താളം നൽകുന്ന വാദ്യോപകരണമാണ് കൊക്കര. പല്ലു കൊത്തിയ അകം പൊള്ളയായ ഇരുമ്പു കുഴലും ചങ്ങലകൊണ്ട് കൊക്കരയുമായി ബന്ധിച്ചിരിക്കുന്ന ഇരുമ്പുദണ്ഡും ചേർന്നതാണിത്‌. ദണ്ഡിനെ പുള്ളുവലിയെന്നാണ് പറയുന്നത്. ഇരുമ്പുകുഴൽ ഇടതു കൈയിലും ദണ്ഡ് വലതു കൈയിലും ചേർത്തു പിടിച്ച് തമ്മിൽ ഉരസിയാണ് ശബ്ദമുണ്ടാക്കുന്നത്. വായ് മൊഴിയായി, പിൻമുറക്കാർക്ക് പകർന്നുവരുന്ന ഒരു വായ്പാട്ടു രൂപംകൂടിയാണിത്‌. ചെമ്പൻകോട് ഊരിലെ വേലായുധൻ കാണി ഉൾപ്പെടുന്നവരായിരുന്നു ചാറ്റുപാട്ടിലെ പ്രമുഖർ. വേലായുധൻ കാണിക്ക് ഫോക്‌ലോർ അവാർഡ് ലഭിച്ചിട്ടുണ്ട്‌. നിലവിൽ അരിപ്പൽ ഊരുകളിലെ ബാലകൃഷ്ണൻകാണി, പ്രഭാകരൻകാണി, ദിവാകരൻ കാണി, പോട്ടൊമാവ് ഊരിലെ രാമചന്ദ്രൻകാണി, കൊച്ചു കൃഷ്ണൻകാണി തുടങ്ങിയവരാണ് ചാറ്റുപാട്ടിന്റെ സജീവ സംവാഹകർ. Read on deshabhimani.com

Related News