കണ്ണങ്കാട്ടുകടവ് പാലം യാഥാര്‍ഥ്യമാകുന്നു
കൊല്ലം കണ്ണങ്കാട്ടുകടവ് പാലം നിർമാണത്തിനായി ഭൂമി വിട്ടുനൽകിയവർക്കുള്ള പുനരധിവാസ പുനഃസ്ഥാപന പാക്കേജ് ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തുക വിതരണം തുടങ്ങി. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അവാർഡ് തുക അനുവദിച്ച രേഖ ഗുണഭോക്താക്കൾക്കു കൈമാറി. മൺറോതുരുത്ത്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമാണം. പാലത്തിന്റെയും അനുബന്ധറോഡുകളുടെയും സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും തൊഴിലും നഷ്ടപ്പെടുന്നവർക്കുള്ള തുകയാണ് നൽകിയത്. മൺറോതുരുത്ത് വില്ലേജിൽനിന്ന് 42.68 ആർസും പടിഞ്ഞാറെ കല്ലട വില്ലേജിൽ നിന്ന് 11.87 ആർസും ഉൾപ്പെടെ 54.55 ആർസ് (ഒരു ഏക്കർ 34.739 സെന്റ്) ഭൂമിയാണ് ഏറ്റെടുത്തത്. 4,41,68,598 രൂപയ്ക്കുള്ള 84 അവാർഡുകളാണ് വിതരണംചെയ്തത്. കൊല്ലം, കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ മൺറോതുരുത്തിലേക്കുള്ള ഗതാഗതസൗകര്യം വർധിക്കുമെന്ന് എംഎൽഎ പറഞ്ഞു. കൊന്നേൽക്കടവ് പാലം നിർമാണത്തിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നതിനായി എംഎൽഎ അറിയിച്ചു. കലക്ടർ എൻ ദേവിദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് പി കെ ഗോപൻ, മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ, എഡിഎം ജി നിർമൽകുമാർ, ഡെപ്യൂട്ടി കലക്ടർ (എൽഎ) എഫ് റോയ്കുമാർ, കിഫ്ബി ലാൻഡ് അക്വിസിഷൻ ഓഫീസർ ബി ദ്വിതീപ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജി അരുൺകുമാർ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ ദീപ ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com