ഭജനമഠത്തിൽ ബെസ്റ്റ് ഫ്രണ്ട്‌സിന്റെ തണ്ണിമത്തൻ കൃഷി
എഴുകോൺ പവിത്രേശ്വരം ഭജനമഠത്തിൽ ‘ബെസ്റ്റ് ഫ്രണ്ട്‌സ്' വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തണ്ണിമത്തൻ കൃഷി ആരംഭിച്ചു. ഓണക്കാലത്താണ് തരിശുകിടന്ന 50 സെന്റ് ഭൂമി കൃഷിയോഗ്യമാക്കിയത്. പുഷ്പവും പച്ചക്കറിയും കൃഷിചെയ്ത് വിജയകരമാക്കിയാണ് തണ്ണിമത്തൻ കൃഷിയിലേക്ക് കടക്കുന്നത്. ആധുനിക കൃത്യതാ കൃഷിരീതിയിൽ തണ്ണിമത്തന് പുറമെ കുക്കുംബർ, ചുരയ്ക്ക, വെള്ളരി എന്നിവയും കൃഷി ചെയ്യുന്നു. കിഴക്കേകല്ലട കൃഷി അസിസ്റ്റന്റ് ഓഫീസർ ബി രത്നകുമാരിയുടെ നേതൃത്വത്തിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന എട്ടോളം വനിതകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. വൈകിട്ടും അവധി ദിവസങ്ങളും കൃഷിക്കായി മാറ്റിവയ്ക്കുന്നു. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണൻ കൃഷി ഉദ്ഘാടനംചെയ്തു. ആധുനിക കൃഷിരീതി കണ്ടു മനസ്സിലാക്കാൻ പവിത്രേശ്വരം കെഎൻഎൻഎം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ അജിത, രജനി, കൃഷി ഓഫിസർ നവീദ, കൃഷി അസിസ്റ്റന്റ് സുരേഷ്, രതീഷ്, ജില്ലയിലെ മികച്ച കർഷക അവാർഡ് ജേതാവ് അനിൽ മംഗല്യ, യു ആർ രജു എന്നിവർ പങ്കെടുത്തു. Read on deshabhimani.com