റോഡ് നിർമാണത്തിലെ അപാകം പരിഹരിക്കണം
ഓയൂർ പൂയപ്പള്ളി പഞ്ചായത്തിലെ മരുതമൺ പള്ളി–- പുന്നക്കോട് റോഡ് പുനർനിർമിച്ചപ്പോൾ ഉണ്ടായ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ദിവസങ്ങൾക്കു മുമ്പാണ് റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മരുതമൺ പള്ളി വലിയപള്ളിക്കു മുന്നിലൂടെ കടന്നുപോകുന്ന റോഡിൽ ചെങ്കുത്തായ സ്ഥലത്ത് മഞ്ഞാറത്തോടിനു കുറുകെയുള്ള പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു. ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് പാലം. ഇത് പുനർനിർമിക്കാതെയാണ് റോഡുപണി നടത്തിയത്. ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിൽ കയറിയിറങ്ങുന്നതിനാൽ സ്ലാബിന്റെ അടിക്കല്ലുകൾ ഇളകി തോട്ടിൽ വീണുകൊണ്ടിരിക്കുകയാണ്. റോഡ് അരമീറ്ററോളം ഉയർത്തിയതോടെ പഴയ സേഫ്റ്റി ബീം മൂടിപ്പോയി. പുതിയ സേഫ്റ്റി ബീം ഇല്ലാത്തതിനാൽ റോഡിലെ വളവും മറ്റും കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നുപോകുന്നത്. റോഡുനിർമാണത്തിൽ ഉണ്ടായ അപാകതകൾ പരിഹരിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. Read on deshabhimani.com