ജലവിതരണ പദ്ധതികളുടെ 
പ്രവൃത്തികൾ പുരോഗമിക്കുന്നു

തൊളിക്കോട്–-മണിയാർ റോഡിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നു


പുനലൂർ ‌ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും പുനലൂർ മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ജലവിതരണ പദ്ധതി പുരോഗമിക്കുന്നു. 8.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പുരോ​ഗമിക്കുന്നത്. മൂന്നു പദ്ധതിയില്‍ മണിയാർ വാർഡിലെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ജലവിതരണത്തിനായി 1.3 കിലോമീറ്റർ ദൂരത്തിൽ പിവിസി പൈപ്പ് സ്ഥാപിച്ചു. മുനിസിപ്പാലിറ്റിയില്‍നിന്ന് ഗുണഭോക്തൃപട്ടിക ജലഅതോറിറ്റിക്ക് കൈമാറിയാൽ ഒരാഴ്ചയ്‌ക്കുള്ളിൽ ജലവിതരണം ആരംഭിക്കാം. റോഡിന്റെ ഇരുവശങ്ങളിലും ഒരേപോലെ പൈപ്പുകൾ സ്ഥാപിച്ചാണ് പ്രവൃത്തി. ഇതിനാൽ റോഡ് കുറുകെ മുറിച്ച് മറുവശത്തേക്ക് പൈപ്പുകൾ ഇടുന്ന മുൻകാല രീതി ഇനി ആവശ്യമില്ല.  തൊളിക്കോട്- മണിയാർ റോഡിൽ 200 മില്ലീമീറ്റർ വ്യാസമുള്ള ഡിഐ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഭരണിക്കാവ്, കോളേജ്, മണിയാർ വാർഡുകളില്‍ പുതിയ പിവിസി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനും 645 വീടിന്‌ സൗജന്യ കുടിവെള്ള കണക്‌ഷനുകൾ നൽകുന്നതിനും 3.06 കോടി ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്.  തുമ്പോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ വാട്ടർ ടാങ്ക് പുനർനിർമിച്ച് ഒരുലക്ഷം ലിറ്റർ ശേഷിയുള്ളതാക്കുന്നതിനും വിളക്കുവെട്ടം, കല്ലാർ, തുമ്പോട്, നെല്ലിപ്പള്ളി പ്രദേശങ്ങളിൽ 9700 മീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും 928 വീടിന്‌ സൗജന്യ കുടിവെള്ള കണക്‌ഷൻ നൽകുന്നതിനും 3.38 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിവരുന്നത്. മൈലയ്ക്കൽ പ്ലാച്ചേരി, ഗ്രേസിങ്‌ ബ്ലോക്ക്, താമരപ്പള്ളി വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 2.54 കോടി  ചെലവഴിച്ച് 60,000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കും 2500 മീറ്റർ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനും 765 വീടിന്‌ സൗജന്യ കുടിവെള്ള കണക്‌ഷനുകൾ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങള്‍ക്കും തുടക്കമായി. Read on deshabhimani.com

Related News