‘ഞങ്ങളും കൃഷിയിലേക്ക്‌’ സമൃദ്ധമാകുന്നു



കൊല്ലം ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാംഘട്ടമായ ‘കൃഷിസമൃദ്ധി ’ ഏഴു പഞ്ചായത്തിൽ പൈലറ്റ്‌ പ്രോജക്ടായി നടപ്പാക്കും. ചാത്തന്നൂർ, പെരിനാട്‌, കുമ്മിൾ, ഏരൂർ, പട്ടാഴി നോർത്ത്‌, മൈലം, പോരുവഴി കൃഷിഭവനുകളാണ്‌ പട്ടികയിലുള്ളത്‌. നിലവിലുള്ള  കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണത്തിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർധന എന്നിവ ഉറപ്പാക്കുകയും കർഷക ഉൽപ്പാദക ഗ്രൂപ്പുകളുടെ (എഫ്‌പിഒ) നേതൃത്വത്തിൽ ദ്വിതീയ കാർഷികവികസനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതുമാണ്‌ പദ്ധതി.  മൂന്നുഘട്ടമായി തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും കൃഷിവകുപ്പിന്റെയും വിഭവ സംയോജനത്തിലൂടെയാണ്‌ പദ്ധതി നടപ്പാക്കുക. "ഞങ്ങളും കൃഷിയിലേക്ക്' മികച്ച രീതിയിൽ നടപ്പാക്കിയ തദ്ദേശസ്ഥാപനം, മികച്ച കൃഷിക്കൂട്ടങ്ങൾ ഉള്ള തദ്ദേശസ്ഥാപനം, കാർഷികമേഖലയിൽ ചെയ്ത പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങളാണ്‌ പൈലറ്റ്‌ പദ്ധതിക്കു പരിഗണിച്ചത്‌. വാർഡ് തലത്തിലെ കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ഉൽപ്പാദന, മൂല്യവർധിത, സേവന വിപണന മേഖലകൾ കൂട്ടിയിണക്കി സമഗ്ര മൈക്രോപ്ലാൻ തയ്യാറാക്കും. ഇവയെ പഞ്ചായത്ത്–- നഗരസഭാ തലങ്ങളിൽ പദ്ധതിയാക്കി മാറ്റും.   കാർഷിക സാക്ഷരതായജ്ഞം, അനുയോജ്യമായ മുഴുവൻ പ്രദേശവും കൃഷിചെയ്യുക, ഭക്ഷ്യവിള ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത,  ദ്വിതീയ കാർഷിക വികസനം പ്രോത്സാഹിപ്പിക്കുക, ഉന്നത മൂല്യമുള്ള വിളകളുടെ കൃഷിവ്യാപനം, മൂല്യവർധിത കൃഷി, കാർഷിക സംരംഭകത്വം പ്രോത്സാഹനം, യുവതയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക. ഒരു വാർഡിൽനിന്ന്‌ അഞ്ചുവീതം പുതിയ കർഷകരെ കണ്ടെത്തി പ്രതിവർഷം ഒരുലക്ഷം യുവകർഷകരെ സൃഷ്ടിക്കുക, നവീന കാർഷികരീതികൾ ഉപയോഗിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക, സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷ്യോൽപ്പാദനം, പോഷകസമൃദ്ധി മിഷൻ, ജൈവ കാർഷിക മിഷൻ എന്നിവയെ സംയോജിപ്പിച്ചു നടപ്പാക്കുക, കൃഷി അധിഷ്ഠിത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ പദ്ധതി ലക്ഷ്യമിടുന്നു. Read on deshabhimani.com

Related News