ബഹിരാകാശത്തെ മാലിന്യം എങ്ങനെ നീക്കും?
പുനലൂര്‍ ഭൂമിയിൽ മാത്രമല്ല മാലിന്യം. അങ്ങ് ബഹിരാകാശത്തും അതു വലിയ പ്രശ്നമാണ്. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ബഹിരാകാശത്ത് കറങ്ങിനടന്ന് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ച് നാശമുണ്ടാകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്ങനെ ഈ പ്രശ്നം പരിഹരിക്കും. പുനലൂർ ജിഎച്ച്എസ്എസിൽ നടന്ന സാമൂഹ്യശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിലൂടെ രണ്ട് സാധ്യതകൾ അവതരിപ്പിക്കുകയാണ് പതാരം എസ്എംഎച്ച്എസിലെ പ്ലസ് വൺ വിദ്യാർഥികളായ എസ് പാർവതിയും അശ്വിൻ എ നായരും. ഒന്ന് സ്പേസ് ഡെബ്രി ഇൻസിനേറ്റർ സ്റ്റേഷനാണ്. പ്രത്യേകസ്പേസ്ഷിപ് തയ്യാറാക്കി ബഹിരാകാശത്ത് എത്തി റഡാറുകളുടെ സഹായത്തോടെ മാലിന്യം കണ്ടെത്തും. സ്പേസ്ഷിപ്പിലെ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ഇവ ശേഖരിക്കും. കൺവെയർ ബെൽറ്റ് വഴി ഇൻസിനേറ്ററിലെത്തിച്ച് ദ്രവരൂപത്തിലേക്കു മാറ്റും. തുടർന്ന് ഇവ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെയോ മറ്റോ ആവശ്യങ്ങൾക്കായി പുനരുപയോഗിക്കാം. രണ്ടാമത് ബഹിരാകാശ മാലിന്യം ശേഖരിക്കാനുള്ള സ്പേസ് ജങ്ക് കളക്ടിങ് റോക്കറ്റാണ്. റോക്കറ്റ് ഇവ ശേഖരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അയച്ച് കത്തിക്കാം. അസ്ട്രോണറ്റുകൾക്ക് താമസിക്കാവുന്ന പുതിയ മൊഡ്യൂളുകൾ ഉൾപ്പെടെ ഉണ്ടാക്കാൻ പുനരുപയോഗിക്കാമെന്നും ഇവർ വിശദീകരിക്കുന്നു. Read on deshabhimani.com