കാടുകയറി ദേശീയപാതയോരം

കൊല്ലം–-തിരുമംഗലം ദേശീയപാതയോരത്ത്‌ യാത്രക്കാർക്ക്‌ ഭീഷണിയായി കാടുകറിയ നിലയിൽ


പുനലൂർ കൊല്ലം–-തിരുമംഗലം ദേശീയപാതയോരത്ത്‌ യാത്രക്കാർക്ക്‌ ഭീഷണിയായി കാടുകറിയ നിലയിൽ. വള്ളിച്ചെടികൾ പടർന്നുകയറി പാതയിലുടനീളം സ്ഥാപിച്ചിട്ടുള്ള സ്ഥലനാമ, ദിശാസൂചക ബോർഡുകൾ മറഞ്ഞു. മണ്ഡലകാലവും വിനോദസഞ്ചാരികളുടെ തിരക്കും ആരംഭിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കുമ്പോഴും പാതകൾ തെളിക്കാൻ നടപടിയില്ല.  അപകടസാധ്യത വർധിച്ചതോടൊപ്പം സ്ഥലവിവരം ലഭിക്കാതെ ദൂരസ്ഥലങ്ങളിൽനിന്നും വരുന്ന യാത്രക്കാരും ബുദ്ധിമുട്ടിലാണ്‌. പുനലൂർ മുതൽ സംസ്ഥാന അതിർത്തിയായ ആര്യങ്കാവുവരെയുള്ള 45 കിലോമീറ്റർ ദൂരത്തും ഇതാണ്‌ സ്ഥിതി. വലിയ കയറ്റങ്ങളും കൊക്കകളും നിറഞ്ഞ, പുനലൂർ കലയനാട്, പ്ലാച്ചേരി, താമരപ്പള്ളി ഭാഗങ്ങളിൽ ആറടിയിലധികം ഉയരത്തിലാണ് കാടുവളർന്നിട്ടുള്ളത്.  ഇതുമൂലം റോഡിന്റെ വശങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകർ കിഴക്കൻ മേഖലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിലും ദർശനം നടത്താറുണ്ട്. രാത്രികാലങ്ങളിൽ ഇവർക്ക് വഴികാട്ടിയാകുന്നത് സ്ഥലനാമ ബോർഡുകളാണ്.  നവംബർ മുതൽ ഫെബ്രുവരിവരെയുള്ള കാലത്താണ് തെന്മലയിലെ ഇക്കോടൂറിസം ഉൾപ്പടെയുള്ള കിഴക്കൻമേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളും എത്തുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളെയും ഇത്‌ ബുദ്ധിമുട്ടിലാക്കും. Read on deshabhimani.com

Related News